തിരുവനന്തപുരം: തന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ അനധികൃത സ്വത്ത് സമ്പാദന പരാതി രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിജിലൻസ് അന്വേഷണത്തിൽ ആശങ്കയില്ല. രേഖകൾ എല്ലാം കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാനായി പിരിച്ച തുക വകമാറ്റി ചിലവഴിച്ചു എന്ന കേസിൽ വിജിലൻസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായതിന് ശേഷമായിരുന്നു കെ സുധാകരന്റെ പ്രതികരണം.
കെ കരുണാകരൻ ട്രസ്റ്റ് വഴി പിരിച്ച തുക ഉപയോഗിച്ച് സ്കൂൾ ഏറ്റെടുക്കാനായില്ലെങ്കിലും കൃത്യമായ കണക്ക് കരുതിയിട്ടുണ്ട്. പണം എല്ലാവർക്കും മടക്കി നൽകിയിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. കൂടാതെ സോളാർ ഗൂഢാലോചന സിബിഐ തന്നെ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗൂഢാലോചന കണ്ടെത്തിയ ഏജൻസി തന്നെയാണ് അത് അന്വേഷിക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സോളാർ വിഷയത്തിൽ കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമില്ലെന്നും കെ സുധാകരൻ അറിയിച്ചു. തുടരന്വേഷണം വേണം. അന്വേഷണം സുതാര്യമായിരിക്കണം. കെ ബി ഗണേഷ് കുമാറിന്റെ പങ്ക് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |