ചെന്നൈ: രാജീവ് ഗാന്ധി കൊലക്കേസിൽ ജയിൽ മോചിതരായ ശ്രീലങ്കൻ പൗരന്മാർക്ക് നാട്ടിലേയ്ക്ക് മടങ്ങാമെന്ന് കേന്ദ്രസർക്കാർ. മുരുകൻ, ശാന്തൻ, ജയകുമാർ റോബർട്ട്, പയസ് എന്നിവർ ജയിൽ മോചിതരായിട്ടും നിലവിൽ ഇന്ത്യയിൽ തന്നെ തുടരുകയാണ്. ഇത് സംബന്ധിച്ച് മുരുകന്റെ ഭാര്യ നളിനി നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ മദ്രാസ് ഹൈക്കോടതിയെ നിലപാട് അറിയിച്ചത്.
കേസിൽ ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ച നളിനിയും ജയിൽ മോചിതയായിരുന്നു. പിന്നാലെ ഇവർ വെല്ലൂരിലെ വീട്ടിലേയ്ക്കാണ് പോയത്. എന്നാൽ മുരുകൻ, ശാന്തൻ, ജയകുമാർ റോബർട്ട്, പയസ് എന്നിവർ ശ്രീലങ്കൻ പൗരന്മാരായതിനാൽ തിരുചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേയ്ക്ക് മാറ്റി. തുടർന്നാണ് ഭർത്താവായ മുരുകനെ മോചിപ്പിക്കണമെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നളിനി കോടതിയെ സമീപിച്ചത്.
ജയിൽ മോചിതരായ നാല് പേരും ശ്രീലങ്കയിലേയ്ക്ക് മടങ്ങുന്നതിൽ എതിർപ്പില്ല എന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ശ്രീലങ്കയാണ് ഇവർക്ക് ആവശ്യമായ പാസ്പോർട്ടുകൾ അനുവദിക്കേണ്ടത്. എന്നാൽ മതിയായ രേഖകൾ അനുവദിക്കുന്നതിൽ ശ്രീലങ്കയുടെ ഭാഗത്ത് നിന്നുള്ള കാലതാമസം മൂലമാണ് ഇവർ ക്യാംപിൽ തുടരുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |