തൃശ്ശൂർ: പൊലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ച് രക്ഷപ്പെട്ട യുവാവും കൂട്ടാളികളും പിടിയിൽ. കൊലക്കേസടക്കം വിവിധ ക്രിമിനൽ കേസുകളിലെ പ്രതി ചൊവ്വൂർ മാളിയേക്കൽ ജിനോ ജോസ് (26), സഹോദരൻ മെജോജോസ് ( 28 ), സുഹൃത്ത് വെള്ളാങ്കല്ലൂർ സ്വദേശി അനീഷ് (41) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി പൊലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ച് രക്ഷപ്പെട്ട സംഘത്തിനെ ദേശീയപാത നന്തിക്കരയിൽ വ്യാഴാഴ്ച്ച പുലർച്ചെ ഒന്നോടെ പൊലീസ് പിടികൂടുകയായിരുന്നു. ആക്രമണത്തിന് ശേഷം ചൊവ്വൂരിൽ നിന്ന് സ്വിഫ്‌റ്റ് കാറിൽ രക്ഷപ്പെട്ട ജിനോയും മേജോയും വഴിൽ കാർ ഉപേക്ഷിച്ച് സുഹൃത്ത് അനീഷിന്റെ ഓഡി കാറിൽ രക്ഷപ്പെട്ടു. വിവിധ സ്റ്റേഷനിലേക്ക് വിവരം നൽകിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ നന്തിക്കരയിൽ വെച്ച് പുതുക്കാട് പൊലീസ് വാഹനം കുറുകെയിട്ട് പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികൾ മൂവരെയും ചേർപ്പ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ചേർപ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ ഏങ്ങണ്ടിയൂർ തൃത്തല്ലൂർ കടവത്ത് സുനിലിനാണ് (38) വടിവാൾ കൊണ്ട് വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികളുടെ വീടിന്റെ പരിസരത്ത് സംഘർഷമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയതായിരുന്നു പൊലീസ്. ഇതിനിടെ പ്രതിയുടെ വീട്ടിലും തർക്കമുണ്ടായി. ഇതന്വേഷിക്കാൻ വീട്ടിലെത്തിയപ്പോഴാണ് ജിനോ വടിവാള് കൊണ്ട് സുനിലിന്റെ മുഖത്ത് വെട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |