SignIn
Kerala Kaumudi Online
Wednesday, 23 October 2019 4.07 AM IST

കുട്ടി ചെഗുവേരമാർ ഫാസിസം തുലയട്ടെ എന്നെഴുതിവയ്ക്കും, പക്ഷെ എന്താണ് ഫാസിസം എന്നറിയില്ല: ജോയ് മാത്യു

joy-mathew

കൊച്ചി: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐക്കാരൻ അഖിലിനെ സ്വന്തം പാർട്ടിക്കാർ തന്നെ കുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി തുടരുന്നിടത്തോളം കാലം വിദ്യാർത്ഥി സംഘടനകൾ വെട്ടിയും കുത്തിയും ചാകുമെന്ന് ജോയ് മാത്യു തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. ഫാസിസം തുലയട്ടെ എന്ന് വിളംബരം ചെയ്യുന്ന 'കുട്ടി ചെഗുവേരമാർക്ക്' അതിന്റെ യഥാർത്ഥ അർത്ഥം അറിയില്ലെന്നും ജോയ് മാത്യു കുറ്റപ്പെടുത്തുന്നു. എതിർപാർട്ടിക്കാരെ തല്ലുന്നതും കൊല്ലുന്നതും അവകാശമായി കണക്കാക്കുന്ന, സ്വന്തം പാർട്ടിക്കാരന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കുന്ന വിദ്യാർത്ഥി നേതാക്കളെ എന്ത് പേര് പറഞ്ഞാണ് വിളിക്കേണ്ടതെന്നും ജോയ് മാത്യു ചോദിക്കുന്നു. കഠാരയുടെ ചിത്രം കൂടി ചേർത്തുകൊണ്ടാണ് ജോയ് മാത്യു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

'ചുടുചോറും
കഠാരയും

ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി തുടരുന്ന കാലത്തോളം
വിദ്യാർഥി സംഘടനകൾ പരസ്പരം വെട്ടിയും കുത്തിയും തങ്ങളുടെ പാർട്ടി നേതൃത്വത്തിലേക്കുള്ള പ്രവേശന പരീക്ഷ പാസാകും.
തുടർന്ന് യുവജനസംഘടനയുടെ കോവണിവഴി
എം എൽ എ, എം പി, മന്ത്രി അങ്ങിനെയങ്ങിനെ… ഇതൊന്നും ആയില്ലെങ്കിൽ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിലോ മറ്റോ കയറിപ്പറ്റി ജീവിതം ഭദ്രമാക്കും. അല്ലെങ്കിൽ പാർട്ടിക്ക് വേണ്ടിയുള്ള ക്രിമിനൽ ആയിട്ടും ജീവിക്കാം.


ഇപ്പോൾതന്നെ നമുക്കറിയാവുന്ന രാഷ്ട്രീയക്കാരിൽ ഒട്ടുമിക്കപേരും ഇതേപോലെ ആയുധാഭ്യാസത്തിലൂടെ അങ്കം വെട്ടി വന്നവരാണല്ലോ.
(ചാനലിൽ പ്രത്യക്ഷപ്പെടുന്ന ചിലരുടെയെങ്കിലും ശരീര ഭാഷ ശ്രദ്ധിച്ചാൽ ഇതു ബോധ്യമാവും )


എതിർ പാർട്ടിക്കാരെ ആക്രമിക്കുന്നതും കൊല്ലുന്നതും വിദ്യാർഥി സംഘടനകളുടെ മൗലീകാവകാശമായി എല്ലാ പാർട്ടികളുടെയും
കുട്ടി കുരങ്ങന്മാർ പണ്ട് മുതലേ അംഗീകരിച്ചതാണ് . എന്നാലിന്ന് എതിർ പാർട്ടിക്കാരന്റെ നെഞ്ചിനു പകരം സ്വന്തം "സഖാക്ക" ളുടെ നെഞ്ചിൽ കഠാര കുത്തിയിറക്കാനും മടിക്കാത്ത രീതിയിൽ കാര്യങ്ങൾ മാറിയിരിക്കുന്നു. അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കണമെന്ന് ചുവരിൽ എഴുതുന്ന ടീംസ് ആണ് ഇതെന്ന് ഓർക്കണം.


കാലഹരണപ്പെട്ട ഒരു പ്രത്യയശാസ്ത്രത്തിന്റെ പതാകവാഹകരായ ഒരു പാർട്ടിയുടെ
ചുടുചോറ് വാരിക്കുന്ന ഈ കുട്ടി ചെഗുവേരമാർക്ക് ഒരു നേതാവുണ്ട്.പേരിൽ ഒരു ചിന്ത കടന്നുകൂടിപ്പോയി എന്നതല്ലാതെ ചെഗുവേര ജനിച്ചത് എവിടെയാണെന്ന് പോലും നേതാവിന് അറിയില്ല.


ഫാസിസം തുലയട്ടെ എന്ന് ചുവരായ ചുവരിലൊക്കെ എഴുതിവെക്കും. എന്താണ് ഫാസിസം എന്ന് ചോദിച്ചാൽ മേലോട്ട് നോക്കും. എന്നാൽ ചുടുചോറ് വാരുന്നവരേ കേട്ടോളൂ. സംഘം ചേർന്നു സ്വന്തം പാർട്ടിക്കാരന്റെ നെഞ്ചിൽകഠാര കുത്തിയിറക്കുന്നതിനെ നിങ്ങൾ എന്ത്‌ പേരിട്ടാണ്‌ വിളിക്കുക?


ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലുകളല്ലാത്ത സ്വതന്ത്രവും ചിന്താശേഷിയുള്ളവരുമായ ഒരു
വിദ്യാർഥി സമൂഹം കാമ്പസ്സിൽ നിന്നും ഉയർന്നു വരുമ്പോൾ മാത്രമേ കാമ്പസുകൾ സർഗ്ഗാത്മകമാവൂ.
നടക്കാത്ത സ്വപ്നം അല്ലേ?'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JOY MATHEW, FACEBOOK POST, UNIVERSITY COLLEGE, THIRUVANANTHAPURAM, CINEMA, STUDENT STABBED
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.