നിയമസഭയിൽ പൊതുവേ ശാന്തനാണെങ്കിലും ചില നേരങ്ങളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒന്നിളകിയാടും. ആരെന്തുപറഞ്ഞാലും ഉരുളയ്ക്ക് ഉപ്പേരി മറുപടിയുമുണ്ടാവും. വിഷയമെന്തായാലും തിരുവഞ്ചൂരിന്റെ അവതരണം നർമ്മത്തിന്റെ അടിത്തറയിലാണ്. ഭൂമിപതിച്ചുകൊടുക്കൽ ബില്ലിന്റെ ചർച്ചയ്ക്കിടെയാണ് ഇന്നലെ തിരുവഞ്ചൂർ കളത്തിലിറങ്ങിയത്. അന്ധൻ ആനയെകാണുപോലെയാണ് പലരും നിയമത്തെ കാണുന്നതെന്ന് പറഞ്ഞായിരുന്നു തുടക്കം.
സമഗ്രമായ ഭൂപതിവ് നിയമം വേണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസം തെല്ലുമില്ല, പക്ഷെ ചില ഭേദഗതികൾ വേണം. ആറു പതിറ്റാണ്ടു മുമ്പുമുതലുള്ള നിയമ നിർമ്മാണത്തെക്കുറിച്ചും തിരുവഞ്ചൂർ വാചാലനായി. സമഗ്രമായ ഭൂപരിഷ്കരണം കൊണ്ടുവന്നത് പി.ടി ചാക്കോയാണെന്ന് വിശദമാക്കിയിട്ട്, മന്ത്രി റോഷി അഗസ്റ്റിന് അതൊക്കെ അറിവുണ്ടാവും എന്നൊരു മേമ്പൊടിയും. 'ചരിത്രം ഉരുണ്ടുകൊണ്ടേയിരിക്കും ആർക്കും ചവുട്ടി നിറുത്താനാവില്ലെന്ന ' തത്വവും വിളമ്പി. ഇടുക്കിയിൽ മൂന്ന് പൂച്ചകൾ വന്നുണ്ടാക്കിയ കുഴപ്പമാണെല്ലാം. എം.എം.മണിക്ക് അക്കാര്യമെല്ലാം അറിയാം. ഇതൊന്നും ആരെയും വേദനിപ്പിക്കാൻ പറയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂപതിവ് നിയമത്തെക്കുറിച്ചാണ് ചർച്ച, ഭൂപരിഷ്കരണമല്ലെന്ന് മന്ത്രി കെ.രാജൻ തിരുവഞ്ചൂരിനെ ഓർമിപ്പിച്ചു. പാവപ്പെട്ടവർക്ക് ഭൂമി കൊടുക്കുന്നത് ഭൂപതിവല്ലെ സർ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്വർഗ്ഗത്തിൽ വീടുവച്ചിട്ട് മണ്ണിൽ കാത്തിരുന്നാൽ മതിയോ എന്ന അനുബന്ധവും. 'ക്ളവർനെസ് ഉള്ള മന്ത്രിയാണ് രാജൻ. പക്ഷെ ബാറ്റിംഗ് ആൻഡ് ബൗളിംഗ് പോലെ തർക്കിക്കാൻ ഇത് ക്രിക്കറ്റല്ല, ജീവിതമാണ്'. എന്നിട്ട് തിരുവഞ്ചൂർ ഒന്നടങ്ങി.
കേരള നിയമസഭാംഗമാണെങ്കിലും മഞ്ചേശ്വരത്തെ എ.കെ.എം അഷറഫിന് കൂടുതൽ പരിചയം കർണാടകയുമായിട്ടാണ്. അതുകൊണ്ടാവണം കർണാടക സർക്കാർ ജനങ്ങൾക്ക് നൽകുന്ന ഇളവുകളെക്കുറിച്ച് വാചാലനായത്.
അവിടെ സർക്കാർ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും ജനങ്ങൾക്ക് നൽകിയ ഇളവുകളെക്കുറിച്ചും അറിയാവുന്ന മലയാളത്തിലും പിന്നെ കന്നടയിലും വിശദമാക്കിയ അഷറഫ്, ധനകാര്യ സംബന്ധമായ കാര്യങ്ങൾക്ക് കർണാടകയുമായി ആശയവിനിമയം നടത്തണമെന്നുകൂടി പറഞ്ഞപ്പോൾ, മലയാള പരിഭാഷ ധനമന്ത്രിക്ക് നൽകണമെന്ന് ' സ്പീക്കറുടെ കമന്റ്.
എം.എം.മണിക്ക് അഷറഫിന്റെ പ്രസംഗം അത്ര ദഹിച്ചില്ല. - 'കേരളമെന്നു കേട്ടാൽ അഭിമാനം തോന്നണമെന്നാണ് കവി പാടിയിട്ടുള്ളത്. നമ്മുടെ നാടിനോട് കൂറ് തോന്നേണ്ടേ? ഹോ, എന്തൊരു തൊലിക്കട്ടിയാണ്. വർഗ്ഗീതയില്ലാത്ത സംസ്ഥാനമേതെന്ന് ചോദിച്ചാൽ ഓർമ്മശക്തിയുള്ള ഏതു കുട്ടിയും കേരളമെന്ന് പറയും. മലയാളത്തിൽ ഞാൻ പറഞ്ഞാൽ പാർലമെന്ററി വ്യവസ്ഥ മറന്നുപോകും. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യൻകാളിയുമൊക്കെ ചേർന്ന് പ്രത്യേക അന്തരീക്ഷമാണ് ഇവിടെ സൃഷ്ടിച്ചിട്ടുള്ളത്. അപ്പോഴാണ് ഒരുമാതിരി മാമാപണി. മണി ഒന്നു നിറുത്തിയപ്പോൾ സ്പീക്കറുടെ അഭ്യർത്ഥന, 'ഫുൾ പറഞ്ഞേക്കല്ലേ.'
അടിയന്തര പ്രമേയചർച്ചയിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പ്രസംഗിച്ചു തുടങ്ങിയതോടെ ഭരണപക്ഷബെഞ്ചിൽനിന്ന് ശബ്ദമുയർന്നു. 'എന്താണ് സാർ ഇതെന്ന് ' ചോദിച്ചപ്പോൾ, 'അങ്ങോട്ട് നോക്കേണ്ട, ചെയറിനെ നോക്കി സംസാരിച്ചാൽ മതി 'എന്നായി സ്പീക്കർ. സതീശൻ സ്പീക്കറെ തിരുത്തി. സ്പീക്കറെ നോക്കി സംസാരിക്കണമെന്ന് എവിടെയും പറയുന്നില്ല, സ്പീക്കറെ അഡ്രസ് ചെയ്താൽ മതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |