ചണ്ഡീഗഡ്: ഹരിയാനയിലെ നുഹിലുണ്ടായ വർഗീയ കലാപത്തിൽ കോൺഗ്രസ് എം എൽ എയായ മമ്മൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് എം എൽ എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ജാഥയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ ഖാന് പങ്കുണ്ടെന്ന പൊലീസ് ആരോപണത്തെ തുടർന്നാണ് അറസ്റ്റ് നടന്നത്.
അറസ്റ്റ് ഭയന്ന് എം എൽ എ ചൊവ്വാഴ്ച പഞ്ചാബ് - ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാദത്തിനായി കോടതി അടുത്ത മാസം 19 ന് ഷെഡ്യൂൾ ചെയ്തിരുന്നു. അക്രമം നടന്ന ദിവസം നുഹിൽ ഇല്ലാതിരുന്ന തന്നെ കളളക്കേസിൽ കുടുക്കുകയാണ് എന്നായിരുന്നു ഖാൻ ആരോപിച്ചത്. എന്നാൽ തെളിവുകൾ വിലയിരുത്തിയതിനുശേഷമാണ് സമീപിച്ചതെന്നാണ് ഹരിയാന പൊലീസ് പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഖാൻ നടത്തിയ ഫോൺ കോളുകളും മറ്റ് തെളിവുകളും പൊലീസ് കൈവശം ഉളളതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് ഖാനെ കോടതിയിൽ ഹാജരാക്കും.അന്വേഷണത്തിന് മുന്നോടിയായി ഹാജരാകാൻ രണ്ട് തവണയായി നൂഹ് പൊലീസ് സമൻസ് അയച്ചിരുന്നു. പനിയാണെന്ന് കാരണം പറഞ്ഞ് ഖാൻ ഒഴിഞ്ഞുമാറിയിരുന്നു.
ജൂലായ് 31 നാണ് വിശ്വഹിന്ദു പരിഷത്ത് നൂഹിൽ നടത്തിയ ജാഥയെ ജനക്കൂട്ടം ആക്രമിച്ചത്. സംഘർഷത്തിൽ ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |