ശ്രീനഗർ: ജമ്മു കാശ്‌മീരിലെ അനന്തനാഗിൽ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ് ധൊൻചക് എന്നിവരുടെ സംസ്കാര ചടങ്ങുകളിൽ വികാരനിർഭര രംഗങ്ങൾ. പഞ്ചാബിലെ മൊഹാലി സ്വദേശിയായ മൻപ്രീതിന്റെ ഭൗതികദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച ഏഴു വയസുകാരൻ മകൻ കബീർ ഏവരെയും കണ്ണീരണിയിച്ചു. സൈനിക യൂണിഫോമിലെത്തി 'ജയ് ഹിന്ദ് പപ്പ" എന്നു വിളിച്ച് കബീർ സല്യൂട്ട് നൽകി. രണ്ടു വയസുള്ള മകൾ ബന്നിയും അടുത്തുണ്ടായിരുന്നു. ജഗമീത് കൗറാണ് ഭാര്യ. സൈനിക ബഹുമതികളോടെയുള്ള ചടങ്ങിന് വൻ ജനാവലിയെത്തി.
ഹരിയാന പാനിപത്തിൽ മേജർ ആശിഷിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഗ്രാമം ഒന്നടങ്കമെത്തി. 'ഭാരത് മാതാ കീ ജയ്" വിളികളുമായി വിലാപയാത്രയായാണ് ഭൗതികദേഹം എത്തിച്ചത്. ഭാര്യ: ജ്യോതി, മകൾ: അഞ്ചു വയസുകാരി വാമിക. കാശ്മീരിലെ ബുദ്ഗാം സ്വദേശിയായ ഹുമയൂൺ ഭട്ടിന്റെ സംസ്കാരം ബുധനാഴ്ച നടന്നിരുന്നു.
ഒരു സൈനികന് കൂടി വീരമൃത്യു
ബുധനാഴ്ച തുടങ്ങിയ ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഇന്നലെ ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച കാണാതായ സൈനികനാണ് വീരമൃത്യു വരിച്ചത്. 50 മണിക്കൂർ പിന്നിട്ട ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർ നാലായി. കൊകെർനാഗ് പ്രദേശത്തെ വനത്തിലെ ഒളിത്താവളത്തിൽ നിന്ന് ഭീകരരെ തുരത്താൻ ശ്രമം തുടരുകയാണ്. അതിനിടെ, വടക്കൻ കാശ്മീരിലെ ബാരാമുള്ളയിൽ ലഷ്കറെ തയ്ബ ഭീകരരായ സയിദ് ഹസൻ മല്ല, മുഹമ്മദ് ആരിഫ് ചന്ന എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |