മൂന്നാര്‍: അരിക്കൊമ്പന്റെ കുറവ് നികത്താനെന്ന പോലെ അരി ആഹാരം പതിവാക്കി മൂന്നാര്‍ മേഖലയിലെ കാട്ടുകൊമ്പന്‍ പടയപ്പ. വെള്ളിയാഴ്ച്ച പുലര്‍ച്ചെ അഞ്ചിനാണ് മൂന്നാര്‍ ലാക്കാട് ബസാറിലെ എസ്റ്റേറ്റില്‍ പടയപ്പ എത്തിയത്. വിജയലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള റേഷന്‍ കടയുടെ മേല്‍ക്കൂര തകര്‍ത്താണ് അരിച്ചാക്ക് പുറത്തേക്ക് എടുത്തത്.
ഈ സമയം അകത്ത് കിടന്ന് ഉറങ്ങുകയായിരുന്ന വിജയലക്ഷ്മിയുടെ ഭര്‍ത്താവ് ജയറാം ശബ്ദം കേട്ട് പിന്നിലെ വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് ഏഴ് മണിയോടെ പടയപ്പയെ വിരട്ടിയോടിച്ചത്. ഈ സമയം സമീപത്തെ കൃഷിയിടത്തിലിറങ്ങി ക്യാരറ്റ്, ബീന്‍സ് എന്നിവ ആഹാരമാക്കിയ ശേഷം കൃഷിയിടം ചവിട്ടി നശിപ്പിച്ചാണ് ആന സ്ഥലം വിട്ടത്.
ജനവാസ മേഖലയിലിറങ്ങുന്ന പതിവാക്കിയിട്ടുള്ള പടയപ്പ പഴയ രീതികളില്‍ നിന്ന് മാറുന്നതയാണ് അടുത്തിടെയായി കാണുന്നത്. പാമ്പന്‍മല ഭാഗത്തായിരുന്ന ഇത്രയും ദിവസം ആന. പിന്നീടാണ് മൂന്നാറിലേക്ക് എത്തിയത്. ഇതിനിടെ നിരവധി തവണ സംസ്ഥാന പാതയില്‍ ഗതാഗത തടസവുമുണ്ടാക്കി. വലിയ ഉപദ്രവകാരിയല്ലെങ്കിലും പ്രദേശവാസികള്‍ക്ക് ആനയുടെ അടുത്ത് പോകരുതെന്ന് വനംവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കുന്നു. അതേ സമയം പതിവായി അരി തിന്ന് പഠിച്ചാല്‍ പടയപ്പ വീണ്ടും റേഷന്‍കടകള്‍ ആക്രമിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന് നാട്ടുകാര്‍ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |