തിരുവനന്തപുരം: രണ്ടരവർഷം പൂർത്തിയാക്കുന്ന രണ്ടാം പിണറായി മന്ത്രിസഭ നവംബറോടെ പുനഃസംഘടിപ്പിക്കും. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഇടതുമുന്നണി ധാരണപ്രകാരം ഒഴിയേണ്ടി വരും. രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേശ് കുമാറുമാണ് പകരം മന്ത്രിമാരാവേണ്ടത്. ഗണേശിന്റെ കാര്യത്തിൽ ചില തടസങ്ങൾ കേട്ടിരുന്നെങ്കിലും, മാറ്റിനിറുത്തേണ്ടതില്ലെന്നാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ പ്രതികരണം.
സി.പി.എമ്മിലോ ഇടതുമുന്നണിയിലോ ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല. 20ന് ചേരുന്ന എൽ. ഡി.എഫ് യോഗവും തൊട്ടടുത്ത ദിവസങ്ങളിലെ സി.പി.എം സംസ്ഥാന കമ്മിറ്റിയും ചർച്ച ചെയ്തേക്കും. ചില സി.പി.എം മന്ത്രിമാരുടെ പ്രവർത്തനത്തിൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും തൃപ്തിക്കുറവുണ്ട്. അവരെ ഒഴിവാക്കില്ലെങ്കിലും വകുപ്പുകളിൽ മാറ്റം വരും. ആരോഗ്യ വകുപ്പിൽ നിന്ന് വീണാ ജോർജിന്റെ മാറ്റം ഏറെക്കുറെ ഉറപ്പാണ്. എം.ബി.രാജേഷിൽ നിന്ന് എക്സൈസ് വകുപ്പും മാറ്റിയേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റേതാവും അന്തിമ തീരുമാനം.
എക്സൈസ് വകുപ്പ് വി.എൻ.വാസവന് നൽകുമെന്നും കേൾക്കുന്നു. മാറ്റപ്പെടുന്ന വകുപ്പുകളിലേതെങ്കിലും മന്ത്രി സജി ചെറിയാനും ലഭിച്ചേക്കാം. സ്പീക്കർ പദവിയിൽ നിന്ന് എ.എൻ.ഷംസീറിനെ മാറ്റി മന്ത്രിയാക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ടെങ്കിലും സാദ്ധ്യത കുറവാണ്.
ഒരു എം.എൽ.എ വീതമുള്ള നാലു കക്ഷികൾക്ക് രണ്ടരവർഷം വീതം മന്ത്രിസ്ഥാനമെന്നതായിരുന്നു ഇടതുമുന്നണി ധാരണ. ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവും ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലും ആദ്യ ടേമിൽ മന്ത്രിമാരായി. കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിക്കും കേരള കോൺഗ്രസ് ബിയിലെ ഗണേശ് കുമാറിനുമാണ് അടുത്ത ഊഴം.എൻ.സി.പിയിലെ തോമസ്.കെ.തോമസിനും എൽ.ജെ.ഡിയിലെ കെ.പി.മോഹനനും മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും പരിഗണിക്കാനിടയില്ല.
എൻ.എസ്.എസ് ബന്ധം ഗണേശിന് തുണയാവും
മന്ത്രിസഭാ രൂപീകരണ സമയത്ത് ഗണേശ് കുമാറിനെതിരെ പരാതിയുമായി സഹോദരി ഉഷാ മോഹൻദാസ് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. കുടംബ സ്വത്ത് സംബന്ധിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു പരാതി. അടുത്തിടെ ചില സി.പി.എം മന്ത്രിമാർക്കെതിരെ ഗണേശ് ഉയർത്തിയ വിമർശനങ്ങളും സോളാർ കേസിൽ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ റിപ്പോർട്ടിലെ പരാമർശങ്ങളും ഗണേശിന്റെ മന്ത്രിപദത്തിന് നിഴൽ വീഴ്ത്തി. ഗണേശ് മന്ത്രിയായാൽ യു.ഡി.എഫ് അതായുധമാക്കുമെന്ന അഭിപ്രായം സി.പി.എമ്മിൽ ഒരു വിഭാഗം ഉയർത്തുന്നു.എന്നാൽ മുഖ്യമന്ത്രിക്ക് ഗണേശനോട് മമതക്കുറവില്ലെന്നാണ് അറിയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിൽ, എൻ.എസ്.എസുമായുള്ള അകൽച്ച കുറയ്ക്കാൻ ഡയറക്ടർ ബോർഡ് അംഗമായ ഗണേശിന്റെ മന്ത്രിസ്ഥാനം ഗുണമാകുമെന്ന് ഇടതു നേതൃത്വം കരുതുന്നു.
വീണാ ജോർജിന് വീഴ്ചകളേറെ
കൊവിഡിന്റെ അവസാന ഘട്ടത്തിൽ മരണമടഞ്ഞവരുടെ യഥാർത്ഥ കണക്ക് വെളിപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയതിന്റെ പേരിൽ വീണാജോർജ് ഏറെ പഴികേട്ടു. പാർട്ടി സമ്മേളന കാലത്ത് സ്വന്തം ജില്ലയായ പത്തനംതിട്ടയടക്കം പല ജില്ലകളും മന്ത്രിയുടെ ശൈലിയിൽ വിയോജിപ്പുയർത്തി. പേ വിഷബാധ വ്യാപകമായപ്പോൾ നിയമസഭയിൽ വാക്സിന്റെ നിലവാരം സംബന്ധിച്ച് പ്രതിപക്ഷ ആരോപണത്തിൽ മുഖ്യമന്ത്രിക്കുതന്നെ ആരോഗ്യമന്ത്രിയെ തിരുത്തേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |