ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ബാരാമുളള ജില്ലയിലെ ഉറിയിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിലുളള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഉറിയിലെ ഹത്ലംഗ പ്രദേശത്താണ് ഇന്ന് രാവിലെ ഏറ്റുമുട്ടലുണ്ടായത്. സൈന്യവുമായുളള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചുയെന്നും മറ്റുളളവർക്കായുളള തിരച്ചിൽ തുടരുന്നുവെന്നും എക്സിൽ കാശ്‌മീർ പൊലീസ് അറിയിച്ചു.
അതേസമയം അനന്ത്നാഗ് ജില്ലയിലെ നിബിഡവനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായുളള തിരച്ചിൽ തുടരുകയാണ്. ഇന്ത്യൻ സൈന്യവും കാശ്മീർ പൊലീസും ചേർന്ന സംയുക്ത സേനയുടെ തിരച്ചിൽ നാലാം ദിവസവും തുടരുകയാണ്. ഭീകരർ ഒളിച്ചിരിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി സൈന്യം ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.
ബുധനാഴ്ചയാണ് അനന്ത്നാഗിലെ കോക്കർനാഗിലെ ഗദൂൽ ഗ്രാമത്തിന് ചുറ്റുമുളള വനപ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനായി സേന ഓപ്പറേഷൻ ആരംഭിച്ചത്. ഓപ്പറേഷനിടെ കാണാതായ സൈനികൻ കൊല്ലപ്പെട്ടു എന്നും ഡ്രോണുകൾ ഉപയോഗിച്ച് ഭീകരരുടെ ഒളിത്താവളം എന്ന് സംശയിക്കുന്ന സ്ഥലങ്ങളിൽ ഗ്രനേഡുകൾ വർഷിച്ചുവെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
പാകിസ്ഥാന്റെ പിൻതുണയുളള ലഷ്‌കർ ഇ തൊയ്ബയുടെ ദി റെസിസ്റ്റൻസ് ഫ്രണ്ടിലുളളവരാണ് വനങ്ങളിൽ ഒളിച്ചിരിക്കുന്നത് എന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |