തൊടുപുഴ: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കിനൽകി സംസ്ഥാന സർക്കാർ. ഹോം സ്റ്റേ ലൈസൻസാണ് പുതുക്കി നൽകിയത്. അഞ്ച് വർഷത്തെ ലൈസൻസിനാണ് അപേക്ഷിച്ചതെങ്കിലും ഡിസംബർ 31വരെയാണ് പുതുക്കിനൽകിയത്.
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ മാസപ്പടി ഉൾപ്പെടെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന കുഴൽനാടനെ തളയ്ക്കാൻ സിപിഎം ആയുധമാക്കിയത് ഈ റിസോർട്ടുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളായിരുന്നു. ഇതിനിടെയാണ് റിസോർട്ടിന്റെ ലൈസൻസ് പുതുക്കി നൽകിയത്. ഇക്കഴിഞ്ഞ മാർച്ച് 31ന് ഹോം സ്റ്റേ ലൈസൻസിന്റെ കാലാവധി അവസാനിച്ചിരുന്നു.
മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ റിസോർട്ട് നിർമിച്ചത് ചട്ടം ലംഘിച്ചാണെന്ന ആരോപണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രംഗത്തെത്തിയിരുന്നു. പശ്ചിമ ഘട്ടവും പ്രകൃതിയും നശിക്കുമെന്നും റിസോർട്ട് അനുവദിക്കരുതെന്നും നിയമസഭയിലും പുറത്തും ആവശ്യപ്പെടുന്ന എംഎൽഎയാണ് നിയമവിരുദ്ധമായി സ്ഥലം വാങ്ങി റിസോർട്ട് നടത്തുന്നതെന്നായിരുന്നു മോഹനന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |