കൊല്ലം: കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസ് മൂന്ന് മാസം കൊണ്ട് കൈവരിച്ചത് 200 ശതമാനം വളർച്ച. കഴിഞ്ഞ ജൂൺ 15നാണ് സംസ്ഥാന വ്യാപകമായി കൊറിയർ സർവീസ് ആരംഭിച്ചത്.
ആദ്യമാസം രണ്ടുലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്. തുടക്കത്തിൽ കൊറിയർ കേന്ദ്രങ്ങളിലെത്തുന്നവരുടെ എണ്ണവും കുറവായിരുന്നു. കൊറിയറുകൾ കൃത്യസമയത്ത് എത്തുന്നുവെന്നും കുറഞ്ഞ ചെലവിൽ കേരളത്തിലെവിടെയും എത്തുമെന്നും ബോദ്ധ്യമായതോടെ കൂടുതൽ കച്ചവടസ്ഥാപനങ്ങൾ കെ.എസ്.ആർ.ടി.സി കൊറിയർ സർവീസിനെ ആശ്രയിച്ച് തുടങ്ങി. ഇതോടെ രണ്ടാം മാസം വരുമാനം 12 ലക്ഷം കടന്നു. ആദ്യമാസങ്ങളിൽ കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി ഡിപ്പോകളിൽ മാത്രമായിരുന്നു കൊറിയർ സേവനമുണ്ടായിരുന്നത്. രണ്ടാം മാസത്തിൽ പുനലൂർ ഡിപ്പോയിലും സർവീസ് ആരംഭിച്ചു. ഒപ്പം, കൊട്ടാരക്കരയിലെയും കൊല്ലത്തെയും ഓഫീസ് പ്രവർത്തനം 24 മണിക്കൂറാക്കുകയും ചെയ്തു.
ഓണക്കാലത്ത് 25 ലക്ഷം രൂപയുടെ വരുമാനമാണ് നേടിയത്. ദിനം പ്രതി കൂടുതൽ ആളുകൾ കൊറിയറുകളും പാഴ്‌സലുകളുമായി എത്തുന്നതിനാൽ വരും മാസങ്ങളിലും വൻ വളർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
പഠിക്കാൻ പ്രത്യേക സംഘം
കൊറിയർ സർവീസ് പ്രവർത്തനങ്ങൾ പഠിക്കാനും വിപണന സാദ്ധ്യതകൾ മനസിലാക്കാനും കെ.എസ്.ആർ.ടി.സി കൊമേഴ്‌സ്യൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം
ആന്ധ്രയിലെ സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് അധികൃതരുമായി ചർച്ച നടത്തി
മാസം 5 കോടിയാണ് ആന്ധ്രയിലെ സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ടിന് കീഴിലെ പാഴ്‌സൽ സർവീസിന്റെ വരുമാനം
ആന്ധ്രയ്ക്ക് പുറമേ കർണാടക ആർ.ടി.സി നടത്തുന്ന കൊറിയർ സർവീസും സംഘം വിലയിരുത്തി
കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി കൊമേഴ്‌സ്യൽ മാനേജർ, മാർക്കറ്റിംഗ് വിഭാഗം മേധാവിമാർ ഉൾപ്പെടെയുള്ള നാലംഗ സംഘമാണ് സംസ്ഥാനങ്ങൾ സന്ദർശിച്ചത്
ആന്ധ്രയിലെ കൊറിയർ മാതൃക സംസ്ഥാനത്ത് നടപ്പാക്കും
ആറ് മാസം കൊണ്ട് 3 കോടിയും ഒരുവർഷം കൊണ്ട് 6 കോടിയുമാണ് കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസിലൂടെ പ്രതീക്ഷിക്കുന്നത്. ഡോർ ടു ഡോർ ഡെലിവറി ഉടൻ നടപ്പാക്കും. നിലവിലെ കൊറിയർ ചാർജുകൾ കുറച്ച് പുതിയ സ്ലാബുകൾ കൊണ്ടുവരും.- കെ.എസ്.ആർ.ടി.സി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |