റായ്‌പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയിലിരുത്തി പ്രശംസിച്ച് ചത്തീസ്‌ഗഡ് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ടി എസ് സിംഗ് ദിയോ. ഛത്തീസ്‌ഗഡിലെ ഒൻപത് ജില്ലകളിൽ ക്രിട്ടിക്കൽ കെയർ ബ്ളോക്കുകൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു. ഒരു ലക്ഷം സിക്കിൾ സെൽ കൗൺസലിംഗ് കാർഡുകൾ വിതരണം ചെയ്യുകയും നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. ഈ അവസരത്തിലായിരുന്നു ഒരു ചടങ്ങിൽ ദിയോ മോദിയെ പ്രശംസിച്ചത്.
'താങ്കൾ ചില കാര്യങ്ങൾ നൽകുന്നതിനാണ് ഇവിടെ എത്തിയത്. താങ്കൾ ഛത്തീസ്‌ഗഡിന് അനേകം കാര്യങ്ങൾ തന്നു. ഭാവിയിലും ഞങ്ങൾക്ക് കുറേ കാര്യങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- ചടങ്ങിലേയ്ക്ക് മോദിയെ സ്വാഗതം ചെയ്തുകൊണ്ട് ദിയോ പറഞ്ഞു.
'കേന്ദ്രം നൽകിയ മാർഗനിർദേശപ്രകാരമാണ് ഞങ്ങൾ പ്രവർത്തിച്ചത്. എന്റെ അനുഭവപ്രകാരം എനിക്കൊരു പക്ഷപാതവും അനുഭവപ്പെട്ടിട്ടില്ല. സംസ്ഥാനത്തിന് വേണ്ടി ആവശ്യപ്പെട്ടതൊന്നും കേന്ദ്രം നിരാകരിച്ചിട്ടില്ല. രാജ്യത്തെ മുന്നോട്ട് നയിക്കാൻ കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പ്രവർത്തിക്കുമെന്നാണ് ഞാൻ കരുതുന്നത്'- ദിയോ കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവുമായി മോദി കൈകൊടുക്കുകയും ചെയ്തു.
ഛത്തീസ്‌ഗഡിൽ 6,400 കോടിയുടെ റെയിൽ പദ്ധതികളാണ് നടപ്പിലാക്കാൻ പോകുന്നതെന്ന് ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. 'രാജ്യത്ത് വികസനത്തിന്റെ ശക്തികേന്ദ്രമാണ് ഛത്തീസ്‌ഗഡ്. എല്ലാ ശക്തികേന്ദ്രങ്ങളും ഒന്നിച്ച് പ്രവർത്തിച്ചാൽ മാത്രമേ രാജ്യം മുന്നോട്ട് സഞ്ചരിക്കുകയുള്ളൂ. എല്ലാ മേഖലകളിലും വലിയ പദ്ധതികളാണ് ഛത്തീസ്‌ഗഡിൽ കേന്ദ്രം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇതിനായുള്ള തറക്കല്ലുകൾ സ്ഥാപിച്ചുകഴിഞ്ഞു'- പ്രധാനമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |