പത്തനംതിട്ട: നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പന്തളം മാന്തുകയിൽ എം സി റോഡിൽ ഇന്നലെ രാത്രി 11.30ന് സംഭവം. സ്‌കൂട്ടർ യാത്രക്കാരായ വിഷ്‌ണു, വിശ്വജിത്ത് എന്നിവരാണ് മരിച്ചത്.
മൂന്ന് യുവാക്കൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം വിട്ട് തടിലോറിയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന അമൽജിത്തിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പന്തളം മാന്തുക സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രദേശത്ത് 150ലേറെ പേരാണ് അപകടത്തിൽ മരിച്ചത്.
അതേസമയം, മലപ്പുറം വളാഞ്ചേരിയിൽ സ്‌കൂട്ടർ മറിഞ്ഞ് കോളേജ് അദ്ധ്യാപകൻ മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി പ്രസാദാണ് മരിച്ചത്. ഇന്നുപുലർച്ചെ വളാഞ്ചേരി ബൈപ്പാസിന് സമീപമാണ് അപകടമുണ്ടായത്. പ്രസാദ് സഞ്ചരിച്ച സ്‌കൂട്ടർ കടമുറിയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരാണ് പ്രസാദിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തും മുൻപുതന്നെ മരണപ്പെട്ടിരുന്നുവെന്നാണ് വിവരം. മജിലിസ് ആർട്‌സ് ആന്റ് സയൻസ് കോളേജിലെ ഫിസിക്‌സ് അദ്ധ്യാപകനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |