കോഴിക്കോട്: നിപ പരിശോധനക്കായി അയച്ച 42 സാമ്പിളുകളുടെ ഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 51 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വിവരശേഖരണം തുടരുകയാണ്. ഇതിന് പൊലീസിന്റെ സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
'മൊബൈൽ ടവർ ലൊക്കേഷനും സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും. കുറച്ചുദിവസങ്ങൾ കൊണ്ട് ഇതുവരെയുള്ള എല്ലാ പോസിറ്റീവ് കേസുകളുടെയും സമ്പർക്കപ്പട്ടിക പൂർത്തിയാക്കാൻ കഴിയും. 19 ടീമുകളുടെ പ്രവർത്തനങ്ങൾ നടക്കുന്നു. കേന്ദ്രസംഘം ഇന്നും പരിശോധന തുടരും. ഐ സി എം ആറിന്റെയും എൻ ഐ വിയുടെയും സംഘങ്ങൾ ഫീൽഡ് സന്ദർശനം നടത്തും.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. നിപ രോഗം സ്ഥിരീകരിച്ച മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട്ടിൽ പന്നി ചത്ത സംഭവത്തിൽ പരിശോധന നടക്കുകയാണ്'- മന്ത്രി വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധനാഫലം നെഗറ്റീവ് ആയത് തലസ്ഥാനത്തിന് ആശ്വാസമായി. കോഴിക്കോട് നിന്ന് തലസ്ഥാനത്തെത്തിയ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുടെ ഫലമാണ് നെഗറ്റീവായത്. വിദ്യാർത്ഥിയ്ക്ക് പനി ബാധിച്ചതോടെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം കാട്ടാക്കട സ്വദേശിനിയെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ പനിയുണ്ടായതോടെ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |