കുളിക്കാൻ സ്വർണ നിർമ്മിതമായ ടബ്ബ്, ലോകത്തിലെ ഏറ്റവും വിലയേറിയ നക്ഷത്രഹോട്ടലുകളിലെ സ്യൂട്ടുകളെ വെല്ലുന്ന തരത്തിലുള്ള കിടപ്പുമുറികൾ, അനുവാദമില്ലാതെ ഒരു ഉറുമ്പിനുപോലും കടന്നുചെല്ലാനാവാത്ത വിധത്തിലുള്ള സുരക്ഷാ സന്നാഹങ്ങൾ. ബോംബുകൾക്കോ വെടിയുണ്ടകൾക്കോ ഭേദിക്കാനാവാത്ത പുറം ചട്ട... ഇന്ത്യയുടെ അടുത്ത സുഹൃത്തായ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ആഡംബര നൗകകളിലൊന്നിന്റെ സവിശേഷതകളാണ് ഇവ. പുറത്തറിഞ്ഞതിലേറെയാണ് ഇവയിലെ സൗകര്യങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. അതെല്ലാം റഷ്യൻ ഇരുമ്പുമറയ്ക്കുളളിൽ നിന്ന് പുറംലോകത്തെത്തുക അസാദ്ധ്യമാണ്. പുടിന്റെ ആഡംബര നൗകകളിലൊന്നിനെ യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറ്റാലിയൻ അധികാരികൾ തടഞ്ഞുവച്ചിരിക്കുകയാണ്. അതിന്റെപോലും പൂർണ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
പ്രസിഡന്റിന് പരമസുഖം
യുക്രെയിൻ യുദ്ധത്തെത്തുടർന്ന് യൂറോപ്യൻ യൂണിയൻ ഉൾപ്പടെയുള്ളവരുടെ ഉപരോധം നേരിടുന്ന റഷ്യ സാമ്പത്തികമായി അത്ര നല്ല അവസ്ഥയിലല്ല. ജനങ്ങൾ പട്ടിണി കിടക്കുന്നില്ല എന്നുമാത്രം. ഇന്ത്യയെപ്പോലെ അടുത്ത സുഹൃത്തുക്കൾക്ക് എണ്ണവിറ്റാണ് ഇപ്പോൾ ഒരുതരത്തിൽ പിടിച്ചുനിൽക്കുന്നത്. അന്താരാഷ്ട്ര വിലയെക്കാൾ വൻ കുറവിലാണ് ഇന്ത്യക്ക് റഷ്യ എണ്ണ നൽകുന്നത്. കിട്ടുന്ന അവസരം പരമാവധി മുതലാക്കിയ ഇന്ത്യ കാര്യമായ തോതിൽത്തന്നെ റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നുണ്ട്.
ഇങ്ങനെ എണ്ണവിറ്റുകിട്ടുന്ന പണത്തിൽ ഭൂരിഭാഗവും പുടിൻ തന്റെ കാര്യങ്ങൾക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത്. ആഡംബര യാനങ്ങളിലൊന്നായ കൊസ്താക്കയെ (കൊലയാളി തിമിംഗലം എന്നും അറിയപ്പെടുന്നു) പുതുമോടിയിലാക്കാൻ നൂറുകോടി രൂപയിലേറെയാണ് പുടിൻ ചെലവാക്കിയതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട്ചെയ്യുന്നത്. പണികൾ ഇനിയും പൂർത്തിയാക്കാനുണ്ട്.
മറ്റെങ്ങുമില്ലാത്തതുതന്നെ വേണം
അത്യാഡംബരങ്ങൾ എല്ലാം തന്റെ യാനങ്ങളിൽ വേണമെന്ന് നിർബന്ധമുള്ള പുടിന് മറ്റൊരു നിർബന്ധം കൂടിയുണ്ട്. ലോകത്ത് മറ്റൊരിടത്തും അവ ഉണ്ടാവാനും പാടില്ല. അതിനുവേണ്ടി എന്തും ചെയ്യാൻ അദ്ദേഹം മടിക്കില്ല . സ്വർണത്തിൽ പൊതിഞ്ഞ മാസ്റ്റർസ്യൂട്ടുകൾ, വിലകൂടിയ കലാസൃഷ്ടികൾ, പട്ടുപോലും തോൽക്കുന്ന തരത്തിലുളള മൃദുവായ പരവതാനികൾ തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണങ്ങൾ. ഇതിനെല്ലാം എത്ര പണം ചെലവഴിക്കാനും പുടിൻ മടിക്കാറില്ല.
ശരിക്കും ഉടമസ്ഥൻ ആരാ?
ആഡംബര നൗകകളുടെ ഉടമസ്ഥൻ പുടിൻ ആണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. പക്ഷേ, ഇത് ഉറപ്പിക്കാനുളള ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 'ഷെഹറാസാഡ്' എന്ന ആഡംബര നൗകയെ പുടിന്റേത് ആണെന്ന സംശയത്തിൽ ഇറ്റലിയിൽ തടഞ്ഞുവച്ചിരുന്നു. ഇവിടെ അറ്റകുറ്റപ്പണിക്കായി എത്തിച്ചതായിരുന്നു ഇത്. സംശയം തോന്നി തടയുകയായിരുന്നു. പക്ഷേ തെളിവൊന്നും കിട്ടിയില്ല. കപ്പലിലെ ജീവനക്കാർ എല്ലാവരും റഷ്യക്കാരായിരുന്നു. എന്നാൽ ക്യാപ്ടൻ ബ്രിട്ടീഷുകാരനായിരുന്നു. കപ്പൽ പുടിന്റേത് അല്ലെന്നാണ് ക്യാപ്ടൻ പറയുന്നത്. പക്ഷേ ആരുടേതാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
ജർമ്മനയിലെ ഒരു യാർഡിൽ അറ്റകുറ്റപ്പണിക്കായി കയറ്റിയിരുന്ന പുടിന്റെ മറ്റൊരുയാനം യുക്രെയിൻ യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ആരോടും ഒന്നും മിണ്ടാതെ റഷ്യയിലേക്ക് കൊണ്ടുപോയി. യാത്രക്കിടയ്ക്ക് ഇതിന്റെ ചിത്രങ്ങൾ ചിലർ പകർത്തിയിരുന്നു. റഷ്യയിലെത്തിച്ച യാനം ഇപ്പോൾ സെന്റ് പീറ്റേഴ്‌സ്ബർഗിലാണെന്ന് വിശ്വസിക്കപ്പെടുന്നു,
വാർഷിക ശമ്പളം വെറും 87ലക്ഷം
ലോകത്തെ സൂപ്പർപവറിൽ ഒരാളായിട്ടും പുടിന്റെ വാർഷിക ശമ്പളം വെറും 87 ലക്ഷം രൂപ മാത്രമാണ്. ഇന്ത്യയിലെ ഒരു സോഫ്ട് വെയർ എൻജിനീയർക്ക് കിട്ടുന്ന ശമ്പളം മാത്രം ലഭിക്കുന്ന പുടിന്റെ സമ്പത്തിനെക്കുറിച്ചറിഞ്ഞാൽ ഞെട്ടിപ്പോകും. സ്വകാര്യ വിമാനങ്ങളും ട്രെയിനുകളും ഉൾപ്പടെ ആയിരംകോടിക്ക് മുകളിലാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. പല രാജ്യങ്ങളിലും ഇദ്ദേഹത്തിന് വൻതോതിൽ നിക്ഷേപങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുണ്ട്.
ഇഷ്ടം ട്രെയിനിനോട്
ഇത്രയൊക്കെ കിടിലമാണെങ്കിലും പുടിൻ ഏറെ ഇഷ്ടപ്പെടുന്നത് ട്രെയിൻ യാത്രയാണ്. ജീവനോടുളള പേടിതന്നെയാണ് ഈ ഇഷ്ടത്തിന് കാരണം എന്നാണ് റിപ്പോർട്ട്. വിമാനത്തിലും മറ്റും യാത്രചെയ്യുമ്പോൾ ട്രാക്കുചെയ്യാനും അപകടപ്പെടുത്താനും എളുപ്പമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ട്രെയിനിനോട് ഇഷ്ടംകൂടാൻ തുടങ്ങിയത്. ഇന്ത്യയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കാത്തത് വിമാന യാത്രയെയും അറസ്റ്റിനെയും ഭയന്നാണെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.
സൂപ്പർ ലക്ഷ്വറി എന്നുപറഞ്ഞാൽപ്പോലും പുടിന്റെ ട്രെയിനിനെ സംബന്ധിച്ച് അത് കുറവായിപ്പോകും. ട്രെയിനിൽ യാത്രചെയ്യുമ്പോൾ 'ദി ചീഫ് പാസഞ്ചർ'എന്നാണ് പുടിൻ അറിയപ്പെടുന്നത്. പ്രായം കുറയ്ക്കുന്നതിന് സഹായിക്കുന്ന പ്രത്യേകതരം മെഷീനുകൾ, അത്യന്താധുനിക വെന്റിലേറ്ററുകൾ, വമ്പൻ സിനിമാ തീയേറ്ററുകൾ, ചെറു നീന്തൽക്കുളം, ജിം എന്നിവ ട്രെയിനിനുളളിലെ ചില സവിശേഷതകൾ മാത്രം.
എകെ 47 തോക്കിൽ നിന്നുള്ള വെടിയുണ്ടകൾക്കോ ബോംബുകൾക്കോ പുടിന്റെ ട്രെയിനുകൾക്ക് ഒരു പോറൽപോലും ഏൽപ്പിക്കാൻ കഴിയില്ല. മൂന്നുലെവൽ കവചം ആണ് ട്രെയിനിനുള്ളത്. ബോഗികൾക്ക് നമ്പരുകളോടെ പ്രത്യേക അടയാളങ്ങളോ ഇല്ല. ഉള്ളിലിരിക്കുന്നവർക്ക് പുറം കാഴ്ചകൾ കാണാമെങ്കിലും പുറത്തുള്ളവർക്ക് അകത്തെ കാഴ്ചകൾ ഒന്നും കാണാൻ ആകില്ല. അതിനാൽ തന്നെ പുടിൻ ഏത് ബോഗിയിലാണ് ഉള്ളതെന്ന് കണ്ടുപിടിക്കാനും കഴിയില്ല. ആരെങ്കിലും നിരീക്ഷിക്കുന്നതായി തോന്നിയാൽ അടുത്തനിമിഷം അവൻ കാലപുരിയിലെത്തിയിരിക്കും.
പുടിൻ ട്രെയിനിൽ യാത്രചെയ്യുമ്പോൾ മറ്റുസർവീസുകൾ എല്ലാം നിറുത്തിവയ്ക്കും മാത്രമല്ല പുടിന്റെ ട്രെയിൻ ഇടയ്ക്കിടെ ട്രാക്ക് മാറുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |