ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയുടെ സംഘാടനത്തിൽ സിപിഎമ്മിനുള്ളിൽ എതിർപ്പ്. 14 അംഗ ഏകോപന സമിതിയിൽ സിപിഎമ്മിന്റെ പ്രാതിനിധ്യം സംബന്ധിച്ച് പി ബിയിൽ എതിർപ്പുയർന്നതായാണ് വിവരം. നിലവിൽ ഏകോപന സമിതിയിലേയ്ക്ക് സിപിഎം പ്രതിനിധിയെ നിർദേശിച്ചിട്ടില്ല. കേരള നേതൃത്വത്തിന്റെ വിയോജിപ്പാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്.
കെ സി വേണുഗോപാൽ അംഗമായ സമിതിയിൽ ചേർന്നു പ്രവർത്തിക്കുന്നതിൽ കേരള നേതൃത്വം എതിർപ്പറിയിക്കുകയായിരുന്നു. കൂടാതെ ഇന്ത്യ സഖ്യത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള മറ്റ് സമിതികളുടെ രൂപീകരണത്തെയും പി ബി എതിർത്തു.
അതേസമയം കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ" മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നിശ്ചയിച്ചിരുന്ന റാലി റദ്ദാക്കിയതായി കോൺഗ്രസ് നേതാവ് കമൽനാഥ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോൺഗ്രസ് പ്രസിഡന്റുമായും ഇന്ത്യൻ സഖ്യത്തിന്റെ മറ്റ് പങ്കാളികളുമായും ചർച്ച ചെയ്‌ത ശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല അറിയിച്ചു. എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ ചേർന്ന 'ഇന്ത്യ"ഏകോപന സമിതിയുടെ ആദ്യ യോഗമാണ് ഒക്ടോബറിൽ സംയുക്ത റാലി നടത്താൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |