വിവിധ ജില്ലകളിൽ ഹൈസ്കൂൾ ഫിസിക്കൽ സയൻസ് അദ്ധ്യാപക നിയമനത്തിനായി 2019 ഒക്ടോബറിൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി അടുത്തമാസം തീരുകയാണ്.
ഫിസിക്സിനോ കെമിസ്ട്രിക്കോ പകരം വേറേ വിഷയം ഉപവിഷയമായി പഠിച്ചവരുടെ നിയമനവുമായി ബന്ധപ്പെട്ട കേസുകൾ മൂലവും കൊവിഡ് വ്യാപനം മൂലവും ഒരു വർഷത്തിലേറെ കഴിഞ്ഞാണ് നിയമനം ആരംഭിച്ചത്. ലിസ്റ്റുകളിൽ അവശേഷിക്കുന്ന മിക്കവർക്കും, പ്രായപരിധി പിന്നിട്ടതിനാൽ ഇവരുടെ ജീവിതത്തിലെ അവസാന അവസരമാണ്.
ജൂലായ് 15ന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന ഈ വർഷത്തെ തസ്തിക നിർണ്ണയം ഇനിയും ആയിട്ടില്ല. കൃത്യമായ തസ്തികകൾ സൃഷ്ടിച്ച് നിയമനം ത്വരിതപ്പെടുത്താൻ ലിസ്റ്റുകളിലുള്ളവർ സി.ഡി.ഇ ഓഫീസുകളിലും സെക്രട്ടേറിയേറ്റിലും മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ഓഫിസുകളിലും കയറിയിറങ്ങുകയാണ്.
ഒപ്പം അവർ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് ഹൈസ്കൂൾ / യു.പി തലങ്ങളിൽനിന്ന് ഹയർ സെക്കൻഡറി ജൂനിയറിലേക്കുള്ള തസ്തിക മാറ്റവും. കെമിസ്ട്രി ജൂനിയറിൽ ഇപ്പോൾ നിലവിലുള്ള 83 ഒഴിവുകളിൽ 52 എണ്ണം തസ്തികമാറ്റ വിഹിതത്തിലുള്ളവയാണ്. നിയമനം നടന്നാൽ ഹൈസ്കൂൾ തലത്തിൽ 37 ഒഴിവുകൾ ഫിസിക്കൽ സയൻസിലുണ്ടാകും. മലപ്പുറത്ത്-18, കൊല്ലത്ത്-11, മറ്റെല്ലാ ജില്ലകളിലുമായി - എട്ട് .
തസ്തികമാറ്റ നിയമനത്തിന്റെ നടപടികൾ ആരംഭിച്ചതായി അറിയുന്നു. നിലവിലുള്ള മുന്നൂറോളം അപേക്ഷകരിൽ നിന്ന് നിയമനം നടത്താനാണെങ്കിലും ഒരുമാസം കൊണ്ട് പൂർത്തീകരിക്കുക പ്രയാസമാണ്. ഹൈസ്കൂളിലെ പുതിയ തസ്തിക നിർണ്ണയം എന്ന് നടക്കുമെന്നും കൃത്യമായി പറയുക എളുപ്പമല്ല.
അതിനാൽ എല്ലാ ജില്ലകളിലും നിലവിലുള്ള ഫിസിക്കൽ സയൻസ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി, കുറഞ്ഞത് മൂന്നുമാസമെങ്കിലും നീട്ടാനുള്ള നടപടിയുണ്ടാകണം.
ജോഷി ബി. ജോൺ
മണപ്പള്ളി
സ്‌കൂൾ പരിസരത്തെ
കാട് വെട്ടിത്തെളിക്കണം
മഴക്കാലമായതോടെ സ്‌കൂൾ പരിസരങ്ങൾ പലതും പുല്ലും കുറ്റിച്ചെടികളും വളർന്ന് കാടുപിടിച്ച അവസ്ഥയായി. പല സ്കൂൾ പരിസരങ്ങളും പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്. ഇവിടുത്തെ കാടും മറ്റും ചെത്തി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിച്ചുകൂടെ? കുട്ടികളുടെ സുരക്ഷയാണല്ലോ പ്രധാനം!
ആർ. ജിഷി
കൊട്ടിയം, കൊല്ലം
ക്യൂ നിന്ന് രോഗികൾ
ബോധരഹിതരാകുന്നു
കാലം ഇത്രയും പുരോഗമിച്ചിട്ടും സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെയും ഗവൺമെന്റ് ആശുപത്രികളിലെയും തിരക്ക് നിയന്ത്രിക്കാനായിട്ടില്ല.
താലൂക്ക് ആശുപത്രികളിലെ വളരെ ചുരുങ്ങിയ ചികിത്സാ സൗകര്യങ്ങൾ കാരണം പലയിടത്തും ജനങ്ങൾ ദീർഘനേരം കാത്തുനിൽക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പനിയുടെ സീസൺ തുടങ്ങിയാലത്തെ കാര്യമാണ് പരമദയനീയം. ക്യു നിൽക്കുന്നതിനിടയിൽ ബോധരഹിതരായി രോഗികൾ നിലംപതിക്കുന്ന കാഴ്ച സംസ്ഥാനത്ത് മിക്കയിടത്തും കാണാം.
ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ട് പോലും പലരും മതിയായ ചികിത്സ ലഭിക്കാതെ ആശുപത്രിയിൽ നിന്ന് തിരിച്ചു പോകേണ്ട അവസ്ഥയും വന്നിരിക്കുന്നു. ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചും തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തിയും ഈ വിഷയത്തിന് അടിയന്തര പരിഹാരം കാണേണ്ടതാണ്. അല്ലാതെ വികസനത്തെ കുറിച്ച് പ്രസംഗിച്ചിട്ട് എന്തുകാര്യം !
രാഹുൽ രാജ്
പത്തനംതിട്ട
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |