കൊച്ചി: ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി 2030ഓടെ 1000 കോടി ഡോളറിൽ എത്തിക്കുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. 400 കോടി ഡോളറിന്റേതാണ് നിലവിലെ കയറ്റുമതി. ആഗോള സുഗന്ധനവ്യജ്ഞന വ്യവസായരംഗത്ത് പഴയകാല പ്രതാപം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌പൈസസ് ബോർഡ് നവിമുംബെയിൽ സംഘടിപ്പിച്ച 14ാമത് വേൾഡ് സ്‌പൈസ് കോൺഗ്രസിന്റെ രണ്ടാം ദിവസം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികളിലൊന്നാണ് സുഗന്ധനവ്യഞ്ജനങ്ങൾ. രാജ്യത്തിന്റെ സമ്പന്ന സാംസ്‌കാരിക പാരമ്പര്യവും ഇതു പ്രതിഫലിപ്പിക്കുന്നു. ഇന്ത്യ ആതിഥ്യം വഹിച്ച ജി 20 സമ്മേളനത്തിൽ തീരുമാനിച്ച ഇന്ത്യ, മിഡിൽ, ഈസ്റ്റ്, യൂറോപ്പ് വ്യവസായ ഇടനാഴി പദ്ധതി പഴയകാല സുഗന്ധന വ്യജ്ഞനപാതയുടെ പ്രതാപം തിരിച്ചുകൊണ്ടുവരാൻ സഹായിക്കും. 2024ൽ ലോകത്തെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന വ്യവസായ സമ്മേളനത്തിന് ഇന്ത്യ ആതിഥ്യമരുളുമെന്നും മന്ത്രി പറഞ്ഞു.
സ്‌പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ, വാണിജ്യ വകുപ്പ് അഡീഷനൽ സെക്രട്ടറിയും സ്‌പൈസസ് ബോർഡ് ചെയർമാനുമായ അമർദീപ് സിംഗ് ഭാട്ടിയ, അഡീഷനൽ സെക്രട്ടറിയും ഡയറക്ടർ ജനറൽ ഒഫ് ഫോറിൻ ട്രേഡുമായ സന്തോഷ് കുമാർ സാരംഗി, ബോർഡ് ഡയറക്ടർ വസിഷ്ഠ് നാരായൺ ഝാ തുടങ്ങിയവർ പങ്കെടുത്തു.
സുസ്ഥിരത, ഉത്പാദനക്ഷമത, നവീകരണം, സഹകരണം, മികവ്, സുരക്ഷ എന്നീ പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തിയ 'വിഷൻ 2030: സ്‌പൈസസ് ' ആണ് 14ാമത് വേൾഡ് സ്‌പൈസ് കോൺഗ്രസിന്റെ വിഷയം. സുഗന്ധവ്യഞ്ജനങ്ങളും മൂല്യവർദ്ധിത ഉത്പന്നങ്ങളും നൂതന സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്ന പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ത്രിദിന സമ്മേളനം ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |