തൃശ്ശൂർ: ചെറുമത്സ്യങ്ങളെ പ്രതീക്ഷിച്ച് കടലിൽ ചൂണ്ടയിട്ടു. കുടുങ്ങിയതോ ഭീമൻ പുള്ളിത്തിരണ്ടി. തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലോരത്ത് ചൂണ്ടയിട്ട സുഹൃത്തുക്കൾക്കാണ് അപ്രതീക്ഷിതമായെത്തിയ അതിഥി മൂലം കോളടിച്ചത്. അശ്വിൻ, വിഷ്ണു, ജിതിൻ എന്നിവരുടെ ചൂണ്ടയിലാണ് ഭീമൻ തിരണ്ടി പെട്ടത്.
ഒഴിവ് ദിവസം നോക്കിയാണ് മൂവരും ഞായറാഴ്ച രാവിലെ തന്നെ തമ്പാൻകടവ് ബീച്ചിൽ ചൂണ്ടയിടാൻ എത്തിയത്. കടലോരത്ത് നിന്നാണ് ചൂണ്ടയിട്ടത്. ചെറുമീനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മത്സ്യം ചൂണ്ടയിൽ കൊത്തിയത്. ചൂണ്ട വലിച്ചിട്ടും മത്സ്യം കരയിലേക്ക് എത്തിക്കാൻ പ്രയാസപ്പെട്ടു. തുടർന്ന് മൂന്നുപേരും വളരെ പാടുപെട്ട് വളരെ നേരത്തിന് ശേഷം മത്സ്യത്തെ വലിച്ച് കരയ്ക്ക് കയറ്റിയപ്പോഴാണ് പുള്ളിത്തിരണ്ടിയാണെന്ന് മനസിലായത്. 80 കിലോയോളം തൂക്കമുണ്ട്. തുടർന്ന് ചേറ്റുവ ഹാർബറിൽ കൊണ്ടുപോയി വിൽപ്പന നടത്തി. 6,000-ത്തോളം രൂപയ്ക്ക് വിറ്റുപോയതായാണ് വിവരം. ഒഴിവു ദിവസമായാൽ കടലിൽ ചൂണ്ടയിടാൻ യുവാക്കളുടെ തിക്കും തിരക്കുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |