വാഷിംഗ്ടൺ : രാജ്യത്തെ എച്ച് - 1 ബി വിസ സംവിധാനം നിറുത്താൻ ആഗ്രഹിക്കുന്നതായി ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി. അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള ഉൾപ്പാർട്ടി പോരിൽ (പ്രൈമറി) 38കാരനായ വിവേകും മത്സരത്തിനുണ്ട്. എച്ച് -1 ബി വിസയെ കരാർ അടിസ്ഥാനത്തിലുള്ള ഒരുതരം അടിമത്തമായി വിശേഷിപ്പിച്ച വിവേക്, താൻ പ്രസിഡന്റായാൽ എച്ച് - 1 ബി വിസ ലോട്ടറി സമ്പ്രദായത്തിന് പകരം യോഗ്യത അടിസ്ഥാനമാക്കിയുള്ള പ്രവേശനം നടപ്പാക്കുമെന്നും പറഞ്ഞു.
യു.എസ് കമ്പനികൾക്ക് വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ അനുവാദം നൽകുന്നതാണ് എച്ച്- 1 ബി വിസ. യു.എസിൽ നോൺ ഇമിഗ്രന്റ് വിസയായ എച്ച് - 1 ബിയിൽ എത്തിയവരാണ് ഏറെപ്പേരും. പതിനായിരക്കണക്കിന് തൊഴിലാളികളാണ് യു.എസിലെ ഐ.ടി, ടെക് മേഖലയിലെ കമ്പനികളിൽ ജോലിക്കായി ഇന്ത്യയിൽ നിന്ന് ഈ വിസയിൽ എത്തുന്നത്.
വിവേകിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനങ്ങളുമുണ്ട്. അതേ സമയം, വിവേക് സ്ഥാപിച്ച ഹെൽത്ത് കെയർ കമ്പനി 2018നും 2023നും ഇടയിൽ ജീവനക്കാരെ നിയമിക്കാൻ 29 തവണ എച്ച് - 1 ബി വിസ പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഒഹായോയിലെ സിൻസിനാറ്റിയിൽ ജനിച്ചുവളർന്ന വിവേകിന്റെ മാതാപിതാക്കൾ യു.എസിലേക്ക് കുടിയേറിയ മലയാളികളാണ്.
മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, സൗത്ത് കാരലൈന മുൻ ഗവർണറും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമായ നിക്കി ഹേലി തുടങ്ങിയവരാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ മത്സരിക്കുന്ന മറ്റ് പ്രമുഖർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |