കല്ലമ്പലം: ഡീസന്റ്മുക്കിൽ പപ്പായ ആണ് ഇന്നത്തെ താരം. പപ്പായക്കുള്ളിൽ ബോണസായി മറ്റൊരു പപ്പായയാണ് നാടിന് കൗതുകമാകുന്നത്. നാവായിക്കുളം ഡീസന്റ്മുക്ക് തീർത്ഥത്തിൽ ജോയിയുടെ വീട്ടിലെ പപ്പായയാണ് വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ജോയി തന്റെ വീട്ടിലെ നന്നായി വിളഞ്ഞ രണ്ട് പപ്പായകൾ പറിച്ചെടുത്ത് മാറ്റി വച്ചിരുന്നു. പിറ്റേന്ന് കഴിക്കാനായി മുറിച്ചപ്പോൾ കണ്ടത് ഒരു പപ്പായയുടെ അകത്ത് വേറൊരു പപ്പായയെയാണ്.
കൗതുകത്തോടെ ജോയി രണ്ടാമത്തെ പപ്പായയും മുറിച്ചുനോക്കി. ആ പപ്പായയ്ക്കകത്തും വേറൊരു പപ്പായ കണ്ടതോടെ കൗതുകം അത്ഭുതത്തിന് വഴിമാറി.
ഇപ്പോൾ പ്രദേശത്തെ താരം പപ്പായയാണ്. ഇതിന് മുമ്പും ഈ പപ്പായ മരത്തിൽ നിന്ന് പപ്പായ കഴിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണെന്ന് ജോയി പറയുന്നു.
രാസവളമോ മറ്റ് പ്രത്യേക ശ്രദ്ധയോ ഒന്നും ഈ പപ്പായയ്ക്ക് ലഭിച്ചിരുന്നില്ല. മകന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന പപ്പായയുടെ വിത്ത് താനെ കിളിർത്ത് വളർന്നതാണെന്നും ജോയി പറഞ്ഞു. സംഭവത്തെ തുടർന്ന് പപ്പായ മരത്തിൽ നിന്ന് ഒരു പച്ചപപ്പായ പറിച്ച് മുറിച്ചുനോക്കിയെങ്കിലും അതിനകം വിത്ത് പോലുമില്ലാതെ പൊള്ളയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |