സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിരെ വിമർശനവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ഓൺലൈൻ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ധ്യാൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. അലൻസിയർ വളരെ അടുത്ത സുഹൃത്തും ജേഷ്‌ഠതുല്യനുമാണ്. അദ്ദേഹത്തിന് അങ്ങനെ ഒരു അഭിപ്രായമുണ്ടെങ്കിൽ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് ചെയ്യേണ്ടതെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
'ഇത് പറയാൻ വേണ്ടി പുരസ്‌കാര വേദിയിൽ പോയത് പോലെയായി. ഒരു സ്‌റ്റേജ് കിട്ടുമ്പോൾ ഒന്ന് ആളാവാനും ഒന്ന് ഷൈൻ ചെയ്യാനുമുള്ള തോന്നൽ തോന്നും. ഒരു പബ്ലിസ്റ്റി സ്റ്റൻഡായിട്ടാണ് തനിക്ക് തോന്നിയത്'- ധ്യാൻ പറഞ്ഞു. സിനിമ സംഘടനകൾ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യത്തിന്, ഞാനല്ല നടപടി എടുക്കേണ്ടത്. അതേ കുറിച്ച് പരാതി ലഭിച്ചുണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്നും ധ്യാൻ വ്യക്തമാക്കി.
ഒരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ പോയി അങ്ങനെ ഒരു അഭിപ്രായം പറഞ്ഞെങ്കിൽ, ഇവിടെയുള്ള ഒരു സിസ്റ്റമല്ലേ ആക്ഷനെടുക്കേണ്ടത്. എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് അറിയില്ലെന്നും ധ്യാൻ വ്യക്തമാക്കി.
പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ അലൻസിയർ നടത്തിയ വിവാദ പരാമർശം. പ്രതിഷേധം ശക്തമായെങ്കിലും അലൻസിയർ നിലപാട് മാറ്റിയിരുന്നില്ല. സിനിമാമേഖലയിൽ സ്ത്രീകൾ മാത്രമല്ല പുരുഷൻമാരും പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. അത് പറയാനുള്ള ഏറ്റവും ഉചിതമായ വേദി ചലച്ചിത്ര അവാർഡ് നിശയായിരുന്നുവെന്നും സ്‌പെഷ്യൽ ജൂറി പുരസ്കാരം നേടിയ അലൻസിയർ വ്യക്തമാക്കി.
അത് വലിയ വേദിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഞാൻ ഇക്കാര്യം പറഞ്ഞത്. പെട്ടെന്നൊരു തോന്നലിൽ പറഞ്ഞതല്ല. എന്തുകൊണ്ടാണ് നിങ്ങൾ പെൺപ്രതിമ തന്നത് എന്നതാണ് ചോദ്യം. എന്തുകൊണ്ടാണ് നിങ്ങൾക്ക് സ്വന്തം ശരീരത്തെ സ്‌നേഹിക്കാൻ പറ്റാത്തത്? ഞാൻ ആരെയും അധിക്ഷേപിച്ചിട്ടില്ല. അതുകൊണ്ട് ഖേദവുമില്ല. സിനിമാ മേഖലയിലുള്ളവർ പലതും പറയും. അതൊന്നും ഞാൻ കാര്യമാക്കുന്നില്ല. എനിക്ക് എന്റെ അച്ഛനും അമ്മയുമുണ്ട്. എന്റെ മക്കളും ഭാര്യയുമുണ്ട്. അതുമതി. ഇതിനപ്പുറം ഞാൻ കണ്ടിട്ടും കേട്ടിട്ടുമുണ്ട് - അലൻസിയർ പറഞ്ഞു.
25,000 രൂപയാണ് തരുന്നതെന്ന് അവാർഡ് ദാന ചടങ്ങിൽ വിളിച്ചുപറയുന്നത് വില കുറഞ്ഞ നടപടിയല്ലേ?. സ്‌പെഷ്യൽ ജൂറി വിഭാഗത്തിൽ ഒരു സ്വർണ ശില്പം തരണമെന്ന് പറഞ്ഞത് തെറ്റാണോ? എന്തായാലും ഇവിടെ രണ്ടു പ്രതിമ ഇരിപ്പുണ്ട്. മരിക്കുമ്പോൾ തനിക്ക് ആറ് വെടി കിട്ടും. സംസ്ഥാനത്തിന്റെ ആദരവാണത്. തനിക്ക് പുരുഷ ആദരവ് കിട്ടണമെന്നാണ് പറഞ്ഞത്. തന്റെ വാക്കുകൾ മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമൊന്നുമല്ലെന്നും അലൻസിയർ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |