മുംബയ്: വിദ്യാഭ്യാസ രംഗത്തെ ഒരു പരിശീലനത്തെ ഇടതുപക്ഷ ആവാസവ്യവസ്ഥയുടെ ആക്രമണമെന്ന് വിശേഷിപ്പിച്ച് ആർ എസ് എസ് മേധാവി മോഹൻ ഭഗ്‌വത്. കെ ജി വിദ്യാർത്ഥികൾക്ക് ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് അറിവുണ്ടോയെന്ന് കണ്ടെത്താൻ ക്ളാസ് ടീച്ചർമാർക്ക് നിർദേശം നൽകിയിരിക്കുന്നതിനെയാണ് മോഹൻ ഭഗ്‌വത് വിമർശിച്ചത്. ഹിന്ദുക്കളുടെയും ഭാരതത്തിന്റെയും മാത്രമല്ല, ലോകത്തിന്റെ മുഴുവൻ എതിരാളികളാണ് ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു. 'ജഗല പോഖർനാരി ദവി വാൽവി' (ലോകത്തെ ദുർബലപ്പെടുത്തുന്ന ഇടതുപക്ഷ ചിതലുകൾ) എന്ന മറാത്തി പുസ്‌തകത്തിന്റെ പൂനെയിൽ നടന്ന പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഗുജറാത്തിലെ ഒരു സ്‌കൂൾ സന്ദർശനത്തിനിടെ അവിടത്തെ കെ ജി വിഭാഗത്തിൽ നൽകപ്പെട്ട നിർദേശം ഒരു ദർശകൻ എനിക്ക് കാണിച്ചുതന്നു. സ്വന്തം സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അറിയാമോയെന്ന് കണ്ടെത്താൻ ക്ളാസ് ടീച്ചർമാർക്ക് നൽകിയ ഒരു നിർദേശമായിരുന്നു അത്. ഇടതുപക്ഷ ആവാസവ്യവസ്ഥയുടെ ആക്രമണം ഇതുവരെയെത്തിയിരിക്കുന്നു. ഈ ആക്രമണം നമ്മുടെ സംസ്‌കാരത്തിലെ എല്ലാ ശുഭകാര്യങ്ങളിലും നടക്കുന്നുണ്ട്.
ഇടതുപക്ഷത്തിന് അഹങ്കാരവും അവരുടെ ദുഷ്‌പ്രവർത്തികളിൽ അഭിമാനവുമുണ്ട്. അവർക്ക് ജനപിന്തുണയില്ല. സാമ്പത്തികശക്തി ഉണ്ടായേക്കാം. അവരുടെ ആവാസവ്യവസ്ഥ വളർന്നുകൊണ്ടിരിക്കുകയാണ്. നമ്മൾ വളരെ പിന്നിലാണ്. ഹിന്ദുക്കളുടെയോ ഭാരതത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ എതിരാളികളാണവർ. ശക്തരാണെന്നും ദൈവമാണെന്നുമാണ് അവർ സ്വയം കരുതുന്നത്. സ്വയം ശാസ്ത്രജ്ഞരാണെന്നാണ് അവർ കരുതുന്നത്. എന്നാൽ അവർ അല്ല'- മോഹൻ ഭഗ്‌വത് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |