കൊച്ചി: നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെ തുടർ നടപടികൾ ഹെെക്കോടതി സ്റ്റേ ചെയ്തു. ആറ് മാസത്തേയ്ക്കാണ് സ്റ്റേ. മോഹൻലാൽ അടക്കമുള്ളവരോട് കേസിൽ നേരിട്ട് ഹാജരാകാൻ നേരത്തെ കീഴ്‌കോടതി നിർദേശിച്ചിരുന്നു.
കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ആവശ്യം പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. തുടർന്ന് നവംബർ മൂന്നിന് മോഹൻലാൽ അടക്കമുള്ളവർ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് നിർദേശിക്കുകയായിരുന്നു. ഇതിലുള്ള തുടർനടപടികളാണ് ഹെെക്കോടതി സ്റ്റേ ചെയ്തത്. മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവു നല്‍കിയത്.
2011ലാണ് എറണാകുളം തേവരയിലെ മോഹൻലാലിന്റെ വസതിയിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെടുത്തത്. വനം വകുപ്പ് കേസെടുത്തെങ്കിലും ചരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്ന് സർക്കാരും മോഹൻലാലും കോടതിയിൽ വാദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |