മലപ്പുറം: വയോധികയായ അമ്മയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വിദേശത്ത് ജോലി ചെയ്യുന്ന മകനെയും മറ്റ് രണ്ട് പെണ്‍മക്കളെയും വിളിച്ചു വരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷന്‍. മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിന് ശേഷം വനിതാ കമ്മിഷന്‍ അംഗങ്ങളായ വി ആര്‍ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ എന്നിവർ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. സ്വത്ത് കൈക്കലാക്കിയ ശേഷം മകന്‍ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് വൃദ്ധയായ മാതാവ് കമ്മിഷന് മുന്‍പാകെ പരാതി നല്‍കിയിരുന്നു. ഇതിൻമേലാണ് നടപടി.
സ്തീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വനിതാ കമ്മിഷന്‍ വിവിധ തലങ്ങളില്‍ ജില്ലാ - സബ് ജില്ലാ സെമിനാറുകള്‍ സംഘടിപ്പിക്കും. പതിനൊന്ന് പ്രധാനപ്പെട്ട വിഷയങ്ങളില്‍ പബ്ലിക് ഹിയറിംഗ് നടത്തി വരികയാണ്. വനിതകള്‍ തൊഴിലെടുക്കുന്ന മേഖലകളില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ചര്‍ച്ച ചെയ്യുന്നതിനും അനിവാര്യമായ നയം രൂപീകരിക്കുന്നതിനും ഇവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കണ്ടെത്തുന്നതിനുമാണ് വിവിധ ജില്ലകളില്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കുന്നതെന്ന് വനിത കമ്മിഷന്‍ വ്യക്തമാക്കി.
ആകെ 32 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ എട്ട് പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. 19 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍, വഴി പ്രശ്‌നങ്ങള്‍ തുടങ്ങിയ പരാതികളാണ് പരിഗണനയ്ക്ക് എത്തിയവയില്‍ കൂടുതലെന്ന് കമ്മിഷൻ പറഞ്ഞു. അഭിഭാഷകരായ ബീന കരുവാത്ത്, സുകൃത രജീഷ് തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |