കോട്ടയം കുഞ്ഞച്ചനേക്കാൾ ഭയങ്കരനാണ് അടിപിടി ജോസ്. അടിയും പിടിയും നിറഞ്ഞ ജോസിന്റെ കഥയുമായി വൈശാഖ് എത്തുന്നു. മമ്മൂട്ടിയാണ് അടിപിടി ജോസെന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ 23ന് ആരംഭിക്കും. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നുണ്ട്. നായികയായി നയൻതാരയെ പരിഗണിക്കുന്നു. ഇന്ദുലേഖ എന്നാണ് നയൻതാരയ്ക്കായി ആലോചിക്കുന്ന കഥാപാത്രത്തിന്റെ പേര്. അടിപിടി ജോസും ഇന്ദുലേഖയും എന്ന പേരിടാനും അണിയറപ്രവർത്തകർ ആലോചിക്കുന്നുണ്ട്. രാപ്പകൽ, തസ്കരവീരൻ, പുതിയ നിയമം, ഭാസ്കർ ദി റാസ്കൽ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചിട്ടുണ്ട്. ആർഡിഎക്സിന് സംഘട്ടനമൊരുക്കിയ അൻപ് അറിവാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. തെലുങ്ക് ചിത്രമായ യാത്ര 2 വിന്റെ 15 ദിവസത്തെ ചിത്രീകരണത്തിൽ പങ്കെടുത്ത ശേഷമെ മമ്മൂട്ടി അടിപിടി ജോസിൽ ജോയിൻ ചെയ്യുകയുള്ളു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ സിനിമയാണിത്. അതേസമയം ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മമ്മൂട്ടി - വൈശാഖ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസാണ്. കൊച്ചി, ഇടുക്കി, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. അതേസമയം കണ്ണൂർ സ്ക്വാഡ് ആണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡിൽ പൊലീസ് വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തരംഗമായി മാറുകയും ചെയ്തു. സെപ്തംബർ 28ന് കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് കണ്ണൂർ സ്ക്വാഡും നിർമ്മിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു മമ്മൂട്ടി ചിത്രം. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ രംഗങ്ങൾ പൂർത്തിയായി. 30 ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നൽകിയത്. ഒറ്റപ്പാലത്തെ വരിക്കാശേരി മനയിൽ ഭ്രമയുഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അർജുൻ അശോകൻ ആണ് ചിത്രത്തിൽ നായകൻ. പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഹൊറർ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം തമിഴിലെ പ്രശസ്തമായ വൈ നോട്ട് സ്റ്റുഡിയോസ് ആണ് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |