തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയൽ കൂമ്പാരം ഒഴിവാക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദേശം. ഡിജിറ്റലൈസ് ചെയ്തുകഴിഞ്ഞ ഫയലുകളാണ് ഓഫീസിന് പുറത്തേയ്ക്ക് മാറ്റുന്നത്. ഇങ്ങനെ മാറ്റുന്ന പേപ്പർ മാലിന്യം ലേലം ചെയ്ത് വിൽക്കാനാണ് തീരുമാനം. പേപ്പർ രഹിത സെക്രട്ടറിയേറ്റ് പദ്ധതിയുടെ ഭാഗമായാണ് നടപടി.
കൊവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും സെക്രട്ടറിയേറ്റിലെ ഫയലുകൾ തീർപ്പാകാതെ പെരുകാൻ കാരണമായിരുന്നു. രണ്ട് ലക്ഷത്തോളം ഫയലുകളാണ് നിലവിൽ കെട്ടിക്കിടക്കുന്നത്. കോടതി വ്യവഹാരം, വസ്തു തർക്കം-കെട്ടിട നിർമാണ തർക്കം എന്നിവയുടെ അപേക്ഷയും അപ്പീലും, നിയമസഭ സമിതികൾക്കുള്ള റിപ്പോർട്ടും തുടർനടപടികളുമായി ബന്ധപ്പെട്ടവ, സർക്കാർ ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ എന്നിവ സംബന്ധിച്ച ഫയലുകൾ ഇവയിൽ ഉൾപ്പെടുന്നുണ്ട്.
അടിയന്തര പ്രധാന്യവും വികസനവുമായി ബന്ധപ്പെട്ട ഫയലുകൾക്കാണ് പ്രഥമ പരിഗണന നൽകി ഉടനടി തീർപ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ കീഴിലുള്ളവ അടക്കം 44 വകുപ്പുകളാണ് സെക്രട്ടറിയേറ്റിൽ പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ കുഴപ്പം കൊണ്ടല്ല ഭരണപരമായ തീരുമാനങ്ങൾ വൈകുന്നതാണ് ഫയൽ കൂമ്പാരത്തിന് കാരണമെന്ന ആരോപണവും ഉയർന്നുകേൾക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |