തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം വഷളായ സമയത്ത് പി പി മുകുന്ദനൊപ്പം സമാധാന അഭ്യർത്ഥന നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി നേതാവിന്റെ വിയോഗത്തിൽ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉടലെടുത്ത കാലത്ത് നടന്ന ചർച്ചകളിൽ പിപി മുകുന്ദന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇരുവരും ഒന്നിച്ച് സമാധാന അഭ്യർത്ഥന നടത്തിയതായും മുഖ്യമന്ത്രി ഓർത്തു.
ഒരു സംഘടനയിൽ എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹം.. നേതൃസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടിട്ടും ബിജെപിയെയോ ആർഎസ്എസിനെയോ മുകുന്ദൻ കുറ്റം പറഞ്ഞില്ല. ഏത് സംഘടനാ പ്രവർത്തകനും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി തുടർന്നു.
രാഷ്ട്രീയമായി ഇരുചേരിയിലായിരുന്നെങ്കിലും വ്യക്തിബന്ധത്തിന് കോട്ടം തട്ടിയിരുന്നില്ല. സൗമ്യമായ പെരുമാറ്റം. സംഘടനാ കാര്യങ്ങളിൽ കർക്കശമുള്ള ആളായിരുന്നു പിപി മുകുന്ദനെന്നും മുഖ്യമന്ത്രി പറഞ്ഞു. അസാമാന്യമായ നേതൃശേഷി അദ്ദേഹത്തിൽ അന്തർലീനമായിരുന്നു. 77 വയസ് വലിയ പ്രായമല്ല എന്നാൽ രോഗം അദ്ദേഹത്തെ കീഴ്പ്പെടുത്തി കളഞ്ഞെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ബി ജെ പി മുൻ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന പി പി മുകുന്ദൻ ശ്വാസകോശ സംബന്ധമായ അസുഖം മൂലം കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. ദീർഘകാലം ബി ജെ പി എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1988 -95 വരെ ജന്മഭൂമി മാനേജിംഗ് ഡയറക്ടറായിരുന്നു. 2006 മുതൽ പാർട്ടിയിൽ നിന്ന് അകന്നുനിന്ന അദ്ദേഹം വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |