കോഴിക്കോട്: സമ്പർക്കം കണ്ടെത്താനും പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനും പൊലീസ് ശക്തമായി ഇടപെടും. ഇത്തവണത്തെ നിപ വൈറസ് ബാധയിൽ ആദ്യം രോഗം ബാധിച്ച് മരണപ്പെട്ട മുഹമ്മദിന്റെ ടവർ ലൊക്കേഷൻ വിവരങ്ങൾ പൊലീസ് ആരോഗ്യവകുപ്പിന് കൈമാറി. വൈറസ് ബാധയേറ്റശേഷമുള്ള ഇൻക്യുബേഷൻ കാലഘട്ടത്തിലെ ടവർ ലൊക്കേഷനുൾപ്പെടുയുള്ള വിവരങ്ങളാണ് കൈമാറിയത്. ഇക്കാലയളവിൽ അദ്ദേഹം മരുതോങ്കരയിലെ വീടിന്റെ പരിസരത്ത് തന്നെയായിരുന്നെന്നാണ് കണ്ടെത്തൽ.
കണ്ടെയിൻമെന്റ് സോണിലെ പോലീസിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച 19 കോർ കമ്മിറ്റികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സംഘം വവ്വാലുകളുടെ സ്രവ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. സമ്പർക്കപ്പട്ടികയിൽ വിട്ടുപോയവരെ കൂട്ടിച്ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയിൻമെന്റ് സോണിലെ പൊലീസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ഉയർന്ന ഉദ്യോഗസ്ഥർ മുതൽ താഴെത്തട്ടിലുള്ളവർ വരെ മാതൃകാപരമായ ഇടപെടലാണ് നടത്തിയത്.
ജില്ലയിൽ അസാധാരണ മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന് പൊലീസിനോട് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോടിന്റെ നന്മ ഉൾക്കൊണ്ടുള്ള മാതൃകാപരമായ പ്രവർത്തനങ്ങളാണ് പൊതുജനങ്ങളിൽ നിന്നും കാണുന്നത്.
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വളരെ നിർണായക പങ്കുവഹിക്കുന്നതാണ് പൊലീസെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പൊലീസ് ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ മലപ്പുറം ജില്ലയിൽ നിന്നും കോഴിക്കോടേക്ക് കടന്നു വരുമ്പോൾ മൂന്ന് പാലങ്ങളാണ് കണ്ടെയിൻമെന്റ് സോണിന്റെ ഭാഗമായി അടച്ചിട്ടുള്ളത്. അങ്ങനെയുള്ള പഞ്ചായത്തുകളിൽ നിന്നും ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ ജില്ലാ ഭരണകൂടവും പൊലീസ് സംവിധാനവും ചേർന്ന് ബദൽ സംവിധാനങ്ങൾ ഒരുക്കും.
കണ്ടയിൻമെന്റ് സോണിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഉന്നത പൊലീസ് മേധാവികൾ, എസ്.എച്ച്.ഒമാർ, ജില്ലാ കളക്ടർ എ. ഗീത, സബ് കളക്ടർ വി. ചെൽസാസിനി, അസിസ്റ്റന്റ് കളക്ടർ പ്രതീക് ജെയിൻ, ജില്ലാ പൊലീസ് മേധാവി (കോഴിക്കോട് സിറ്റി) രാജ്പാൽ മീണ, സിറ്റി ഡി. സി. പി .കെ. ഇ. ബൈജു, വിവിധ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഓൺലൈൻ ക്ലാസുകൾ ഫലപ്രദമായി
നടക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് : ജില്ലയിൽ സ്‌കൂളുകൾ അടച്ച സാഹചര്യത്തിൽ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ വളരെ ഫലപ്രദമായാണ് പോകുന്നതെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിദ്യാഭ്യാസമന്ത്രി നേരിട്ട് നേതൃത്വം നൽകിയതിനാൽ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട ആശങ്ക ഒഴിവായി.
ആരോഗ്യമന്ത്രി, ജില്ലാ കളക്ടർ, ജില്ലാ ഭരണകൂടം എന്നിവരുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായാണ് നടക്കുന്നത്. പ്രത്യേകം ഇടപെടേണ്ട കാര്യങ്ങളിൽ പ്രത്യേക യോഗങ്ങൾ നടക്കുകയും ഇത് നല്ല രീതിയിലാവുകയും ചെയ്തിട്ടുണ്ട്. ബേപ്പൂർ നിയോജകമണ്ഡലത്തിന്റെ ഭാഗമായിട്ടുള്ള കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിപയുമായി ബന്ധപ്പെട്ട് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച ചില വാർഡുകളിൽ ഇളവുകൾ നൽകും. എല്ലാ കാര്യങ്ങളും ഒരു ടീമായിട്ടാണ് ചെയ്യുന്നത്. ഇത് പൊതുജനങ്ങൾ പരിപൂർണമായി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അവലോകന യോഗത്തിൽ ഓൺലൈനായി വനം വന്യ ജീവി സംരക്ഷണ മന്ത്രി എ.കെ ശശീന്ദ്രൻ, മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരും പങ്കെടുത്തു. ജില്ലാ കളക്ടർ എ. ഗീത, സബ് കളക്ടർ വി. ചെത്സാസിനി, അസിസ്റ്റന്റ് കളക്ടർ പ്രതീക് ജെയിൻ, എ .ഡി .എം .സി. മുഹമ്മദ് റഫീഖ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.റീന കെ.ജെ, എ .ഡി. എച്ച് .എസ് ഡോ. നന്ദകുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി.കെ, കേന്ദ്രസംഘത്തിലെ അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
മരുതോങ്കരയിൽ കേന്ദ്ര മൃഗസംരക്ഷണ വിഭാഗം പരിശോധന നടത്തി
കുറ്റിയാടി: നിപ വൈറസ് ബാധിച്ച് മരിച്ച മുഹമ്മദിന്റെ വീട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് അധികാരികളും,കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി അധികാരികളും പരിശോധന നടത്തി. സമീപത്തെ വീടുകളിലെ കന്നുകാലികൾ, പൂച്ചകൾ ആട്, ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി ശേഖരിച്ചു. കള്ളാട്, ജാനകിക്കാട്, പ്രദേശങ്ങളിൽ സഞ്ചരിച്ച് ആവശ്യമായ കാര്യങ്ങൾ ശേഖരിച്ചു. പൂനെ വൈറോളജി ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ കുറ്റിയാടി പുഴയോരം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വവ്വാലുകളെ പിടിക്കാൻ വലകൾ വിരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഫോർ അനിമൽ ഡിസീസിൽ നിന്നും, കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഡോക്ടർമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്, വെറ്ററിനറി ഡോക്ടർ വിദ്യാലക്ഷ്മി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവരും കേന്ദ്ര സംഘത്തോടൊപ്പമുണ്ടായിരുന്നു.
നിപ ഭീതി അകലുന്നു, കണ്ടെയിൻമെന്റ് സോണിലെ കടകൾ തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ
കോഴിക്കോട്: ജില്ലയിൽ നിപ വ്യാപന ഭീതി കുറയുകയും നിയന്ത്രണവിധേയമാവുകയും ചെയ്ത സാഹചര്യത്തിൽ ഫറോക്ക്, ബേപ്പൂർ, വില്യാപ്പള്ളി, കുറ്റിയാടി മേഖലകളിലെ കടകൾ സാധാരണഗതിയിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി ജില്ലാകമ്മറ്റി. ഇതുസംബന്ധിച്ച നിവേദനം സംഘടന ജില്ലാകളക്ടർക്കും ദുരന്ത നിവാരണ സമിതി ചെയർമാനും സമർപ്പിച്ചു. നിലവിൽ പരശോധനാ ഫലങ്ങൾ നെഗറ്റീവായതിനാൽ അടച്ചിട്ടിരിക്കുന്ന കടകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തുറക്കാനുള്ള അനുമതി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. രോഗം സ്ഥിരീകരിച്ച ഭാഗത്ത് നിന്നും കിലോമീറ്ററുകൾ അകലെയുള്ള നഗരസഭാ ഡിവിഷനുകളിലെ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം. രോഗബാധിത മേഖലയായ ആയഞ്ചേരിയുടെ അടുത്തായതിനാൽ ഏറെ വ്യാപാര പ്രധാന മേഖലയായ വില്യാപ്പള്ളിയും അടച്ചിട്ടിരിക്കുകയാണ്. വാഹനഗതാഗതം തടസ്സം കൂടാതെ പ്രവർത്തിക്കുന്നുണ്ട്. കടകൾ തുറക്കാത്തത് ജനങ്ങൾക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ വിഷയത്തിൽ കളക്ടറുടെയും ദുരന്ത നിവാരണ സമിതി ചെയർമാന്റെയും നടപടിയുണ്ടാവണമെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ജിജി.കെ.തോമസ് , പ്രസിഡണ്ട് അഷ്റഫ് മുത്തേടത്ത്, ട്രഷറർ വി.സുനിൽകുമാർ തുടങ്ങിയവർ ആവശ്യപ്പെട്ടു.
എ.ടി.എമ്മുകളിൽ സാനിറ്റൈസർ ഇല്ല
കോഴിക്കോട് : ജില്ലയിൽ നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുക എന്ന നിർദ്ദേശം വന്നെങ്കിലും ഇത് പാലിക്കുന്നതിൽ വിമുഖത തുടരുന്നു. കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന നഗരത്തിലെ എ.ടി.എമ്മുകളിൽ പോലും സാനിറ്റൈസറുകൾ ഇല്ല.
മാസ്‌ക് ധരിച്ച് പുറത്തിറങ്ങുകയെന്നത് ജനങ്ങൾ സ്വയം പാലിക്കേണ്ട ജാഗ്രതയാണ്. എ.ടി.എമ്മുകളിൽ സാനിറ്റൈസർ വയ്ക്കുന്നത് പോലുള്ള നടപടികൾ ബാങ്കുകളിൽ നിന്ന് ഉണ്ടാവണം. ഭൂരിപക്ഷം എ.ടി. എമ്മുകളിലും ഇപ്പോഴും സാനിറ്റൈസറുകളില്ല. നിപ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സുരക്ഷാ വീഴ്ചയിൽ കാര്യമായ നടപടികൾ ഉണ്ടാവുന്നില്ല.
ദിനംപ്രതി നിരവധിയാളുകൾ വന്നുപോകുന്ന സ്ഥലമാണ് എ.ടി.എം. ഒരേ കീ പാഡിൽ പലർക്കും പിൻ നമ്പർ അടിക്കേണ്ടിവരുന്നതും സ്‌ക്രീനിൽ തൊടേണ്ടി വരുന്നതുമായ സാഹചര്യത്തിൽ സാനിറ്റൈസറിന്റെ ഉപയോഗം ഒഴിച്ചുകൂടാനാവാത്തതാണ്. എയർ കണ്ടീഷൻ ചെയ്ത ചെറിയ റൂമുകളിലാണ് എ.ടി.എമ്മുകൾ പ്രവർത്തിക്കുന്നത്. ഒരേ മുറിയിൽ തന്നെ കൂടുതൽ കൗണ്ടറുകൾ ഉള്ളവയുമുണ്ട്. എ.ടി.എമ്മിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകൾ അണുവിമുക്തമാക്കുകയാണ് ഇതിന് പരിഹാരം. പക്ഷെ ഇവിടെ സാനിറ്റൈസർ ഇല്ലാത്തതിനാൽ അണുവിമുക്തമാക്കാനുള്ള സൗകര്യമില്ല. സുരക്ഷ മുൻനിർത്തി ജനങ്ങൾ സ്വന്തമായി സാനിറ്റൈസർ കൊണ്ടുനടക്കുന്നതും കുറവാണ്. ഇത് രോഗവ്യാപന സാദ്ധ്യത വർദ്ധിപ്പിക്കാൻ കാരണമായേക്കാം. കൊവിഡ് വ്യാപന കാലത്ത് ' ബ്രേക്ക് ദ ചെയിൻ ' കാമ്പയിന്റെ ഭാഗമായി സാനിറ്റൈസർ നിർബന്ധമാക്കിയിരുന്നു. കൊവിഡ് കുറഞ്ഞതോടെ ഇത് പാടെ ഉപേക്ഷിച്ചു. ജില്ലയിൽ സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിട്ടും നഗരത്തിലെ എ.ടി.എമ്മുകളിലൊന്നും സാനിറ്റൈസർ ഇല്ലാത്തത് വലിയ വീഴ്ചയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |