തിരുവനന്തപുരം :അധ:സ്ഥിതർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി എക്കാലത്തും നില കൊണ്ട പത്രമാണ് കേരളകൗമുദിയെന്നും ,ഇന്നും അതിന് വേണ്ടിയാണ് പൊരുതുന്നതെന്നും യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. പത്രാധിപർ കെ.സുകുമാരന്റെ 42 -ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി നോൺ ജേണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര്യ സമര സേനാനിയായി ജയിൽവാസം വരെ പത്രാധിപർ കെ.സുകുമാരൻ അനുഭവിച്ചിട്ടുണ്ടെങ്കിലും പത്രാധിപരെന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. കേരളകൗമുദിയുടെ ഇപ്പോഴത്തെ സാരഥ്യം ഏറ്റെടുത്തിട്ടുള്ള ദീപു രവിയും പത്രാധിപർ മുന്നോട്ടു വച്ച ചിന്തകളും ആശയങ്ങളുമാണ് പിന്തുടരുന്നത്..
തന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ആരോഗ്യ കാരണങ്ങളാൽ കഴിയാതെ വന്ന പത്രാധിപർ , വിവാഹ ശേഷം തന്നെയും ഭാര്യയെയും വിളിച്ച് സമ്മാനം നൽകി. താൻ വിവാഹം ക്ഷണിക്കാനെത്തിയപ്പോൾ ഏറെ ദൂരം യാത്ര ചെയ്യാൻ കഴിയില്ലെന്നും , മകൻ ,കല്യണത്തിന് വരുമെന്നും പത്രാധിപർ പറഞ്ഞു. കല്യാണത്തിന് ശേഷം ഒരു ദിവസം ഭാര്യയുമൊത്ത് വീട്ടിലെത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യം താൻ മറന്നു പോയി. ഒരു മാസം കഴിഞ്ഞപ്പോൾ പത്രാധിപർ ഫോണിൽ തന്നെ വിളിച്ച് മധുവിധു കഴിഞ്ഞെങ്കിൽ ഭാര്യയെയും കൂട്ടി വീട്ടിലേക്ക് വരാൻ ക്ഷണിച്ചു. പത്രാധിപരുടെ വീട്ടിലെത്തിയ തങ്ങൾക്ക് വിരുന്നൊരുക്കുക മാത്രമല്ല, പോകാനിറങ്ങുമ്പോൾ ഭാര്യക്ക് ഒരു പട്ടുസാരി പത്രാധിപരുടെ സഹധർമ്മിണി മാധവി സുകുമാരൻ സമ്മാനിക്കുകയും ചെയ്തു- ഹസ്സൻ അനുസ്‌മരിച്ചു .
പത്രാധിപർ
തിരുത്തൽശക്തി:
കെ.പി.ശങ്കരദാസ്
തിരുവനന്തപുരം; ശക്തമായ മുഖപ്രസംഗങ്ങളിലൂടെ ഭരണാധികാരികളുടെ തെറ്റ് തിരുത്തിയ പാരമ്പര്യമാണ് കേരളകൗമുദിയ്ക്കുള്ളതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.ശങ്കരദാസ് പറഞ്ഞു. പത്രാധിപർ കെ.സുകുമാരന്റെ 42 -മത് ചരമ വാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണയോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെപ്പോലെ ഉറച്ച നിലപാടെടുക്കുന്നതിൽ ഭയമില്ലാത്ത പത്രാധിപരായിരുന്നു കെ.സുകുമാരൻ. യുവതലമുറയുടെ വിദ്യാഭ്യാസ വളർച്ചയ്ക്കായി തലസ്ഥാനത്ത് സർവകലാശാല വേണമെന്ന് കേരളകൗമുദി ആദ്യമായി ആവശ്യപ്പെട്ടതിന്റെ ഫലമാണ്അന്നത്തെ ട്രാവൻകൂർ യൂണിവേഴ്സിറ്റിയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |