കൊല്ലം: അക്ഷയ കേന്ദ്രത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരിയായ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയശേഷം മദ്ധ്യവയസ്കൻ കഴുത്തറുത്ത് സമീപത്തെ വീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കി. പാരിപ്പള്ളി അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരി നാവായിക്കുളം പുന്നവിള എസ്.കെ.വി എച്ച്.എസിന് സമീപം അൽബയ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നബീറ (38), ഭർത്താവ് റഹീം (50) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം.
സംശയരോഗമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മൂന്നാഴ്ചമുമ്പ് ക്രൂരമായി മർദ്ദിച്ചതിനെത്തുടർന്ന് നബീറ നൽകിയ പരാതിയിൽ പള്ളിക്കൽ പൊലീസ് റഹീമിനെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. നാലുദിവസം മുമ്പാണ് പുറത്തിറങ്ങിയത്. അതിനുശേഷം നബീറയെ കൊല്ലുമെന്ന് ബസ് സ്റ്റോപ്പിലും ബസിനുള്ളിലും വച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
റെയിൻകോട്ടും തൊപ്പിയും ധരിച്ച് സ്കൂട്ടറിൽ അക്ഷയ കേന്ദ്രത്തിലെത്തിയ റഹീം നബീറയുടെ മുടിയിൽ കുത്തിപ്പിടിച്ച് മണ്ണെണ്ണ കുപ്പിയെടുത്തതോടെ കാബിനിലുണ്ടായിരുന്ന മറ്റൊരു യുവതി നിലവിളിച്ച് പുറത്തേക്കോടി. മറ്റ് ജീവനക്കാർ എത്തിയതോടെ റഹീം വാതിലടച്ചശേഷം തീകൊളുത്തുകയായിരുന്നു. ഇയാളുടെ ശരീരത്തിലും ചെറിയ പൊള്ളലേറ്റു.
തുടർന്ന് കത്തിവീശി ജീവനക്കാരെ ഭീഷണിപ്പെടുത്തി പുറത്തേക്കോടി. സമീപത്തെ ലോട്ടറിക്കടക്കാരൻ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പരവൂർ ഭാഗത്തേക്ക് ഓടി നൂറുമീറ്ററിനപ്പുറം ഇടവഴിയിൽ വച്ച് കഴുത്തറുത്തശേഷം സമീപത്തെ വീട്ടിലെ കിണറ്റിലേയ്ക്ക് ചാടുകയായിരുന്നു. ഫയർഫോഴ്സെത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. ഇടയ്ക്ക് തട്ടുപണിക്ക് പോകുന്ന റഹീം വീട്ടിൽ ബിരിയാണി ഉണ്ടാക്കി വഴിവക്കിൽവച്ച് വില്പനയും നടത്തിവന്നിരുന്നു.
മണ്ണെണ്ണ ഒഴിക്കുന്നതിന് മുമ്പ് നബീറയുടെ കഴുത്തിന് മുറിവേൽപ്പിച്ചിരുന്നതായി സംശയമുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തതയുണ്ടാകൂവെന്ന് പാരിപ്പള്ളി പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
രണ്ട് മക്കളുണ്ട്.
പ്രണയ വിവാഹം
പതിനാറ് വർഷം മുമ്പ് ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. പാരിപ്പള്ളി കെട്ടിടം ജംഗ്ഷന് സമീപത്തെ ക്ലിനിക്കിൽ നബീറ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. വർക്കല സ്വദേശിയായ നബീറയുടെ പിതാവ് അബ്ദുൾ അസീസ് 17 വയസുള്ളപ്പോൾ നാടുവിട്ടിരുന്നു. കർണാടക കുടക് സ്വദേശിനിയെ വിവാഹം കഴിച്ച് അവിടെ താമസിച്ചിരുന്ന അദ്ദേഹം കുടുംബത്തോടെ 20 വർഷം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |