തൃശൂർ : തമിഴ്നാട്ടിൽ ഐസിസിലേക്ക് ആളെ ചേർക്കാനും പരിശീലിപ്പിക്കാനുമുള്ള ഭീകരസംഘടന.യുടെ നീക്കം പൊളിച്ച് എൻ.ഐ.എ. 2022ലെ കോയമ്പത്തൂർ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് അംഗങ്ങളെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ച് എൻ.ഐ.എ തെരച്ചിൽ നടത്തിയത്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിൻ (28) പഠിച്ച അറബിക് കോളേജ് എന്നിവയുൾപ്പെടെ 22 സ്ഥലങ്ങളിൽ തെരച്ചിൽ നടത്തി.
പ്രാഥമിക അന്വേഷണത്തിൽ ജമേഷ മുബിന് ഐസിസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ എൻ.ഐ.എ കേസേറ്റെടുത്തു. കേസിൽ ഇതുവരെ 13 പേരും അറസ്റ്റിലായി. കോയമ്പത്തൂരിലും ചെന്നൈയിലെ മൂന്ന് സ്ഥലത്തും തെങ്കാശിയിലെ ഒരിടത്തും സംഘം റെയ്ഡ് നടത്തി. ഇവിടെ നിന്നാണ് ഇവരുടെ നീക്കത്തിന്റെ തെളിവ് ലഭിച്ചത്. നിരവധി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും ഇന്ത്യൻ-വിദേശ കറൻസികളും എൻ.ഐ.എ കണ്ടെടുത്തു. യുവാക്കളെ തീവ്രവാദികളാക്കാൻ നടത്തിയ രഹസ്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേസെടുത്തെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഐ.പി.സി സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന, നിയമവിരുദ്ധ പ്രവർത്തനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഈ വർഷത്തിന്റെ തുടക്കത്തിലാണ് ഐസിസ് മൊഡ്യൂൾ രൂപീകരിച്ചത്.
പ്രാദേശിക പഠനകേന്ദ്രങ്ങളിൽ അറബിക് ക്ലാസിന്റെ മറവിലായിരുന്നു റിക്രൂട്ട്മെന്റ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം, വാട്സ് ആപ്പ്, ടെലിഗ്രാം പോലുള്ള മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ ഇതിനായി പ്രചാരണവും നടത്തുന്നുണ്ട്. ഇന്ത്യൻ മതേതരത്വത്തിനും ജനാധിപത്യത്തിനും വിരുദ്ധമായ ഖിലാഫത്ത് പ്രത്യയശാസ്ത്രത്തിന്റെ പ്രചാരണത്തിൽ ഐസിസ് പ്രചോദിതരായ ഈ വിഭാഗം ഏർപ്പെട്ടതായി എൻ.ഐ.എ ആരോപിക്കുന്നു. ഇതിന്റെ തുടർച്ചയാണ് 2022 ഒക്ടോബർ 23ലെ കോയമ്പത്തൂർ കാർ സ്ഫോടനക്കേസെന്നും എൻ.ഐ.എ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |