ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഇന്ന് സമ്മേളനത്തിന് തുറക്കുന്നതോടെ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലും പുതു അദ്ധ്യായമാവും. പാർലമെന്റിന്റെ പ്രത്യേക സമ്മേളനമാണ് ചേരുന്നത്. വെള്ളിയാഴ്ച സമാപിക്കും.
2020 ഡിസംബർ 10ന് നിർമ്മാണം ആരംഭിച്ച മന്ദ്രിരം 2023 മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചിരുന്നു. സെൻട്രൽ വിസ്ത സമുച്ചയത്തിന്റെ ഭാഗമാണ് പാർലമെന്റ് മന്ദിരം. 13,450 കോടി രൂപയാണ് ചെലവ്. ബിമൽ പട്ടേലാണ് വാസ്തുശില്പി.
ഇന്നലെ പാർലമെന്റിന്റെ പഴയ മന്ദിരത്തിൽ സമ്മേളനം തുടങ്ങിയിരുന്നു. പുതിയതിലേക്ക് മാറുന്ന ഇന്ന് വിനായക ചതുർത്ഥിയാണെന്ന പ്രത്യേകതയുമുണ്ട്.
രാവിലെ 9.30ന് സെൻട്രൽ ഹാളിന് മുന്നിൽ ഇരു സഭകളിലെയും അംഗങ്ങൾ ഒന്നിച്ചുള്ള ഫോട്ടോയെടുപ്പാണ് ആദ്യം. 11ന് അംഗങ്ങൾ സെൻട്രൽ ഹാളിൽ ഒത്തുകൂടും. ചെറിയ യോഗത്തിന് ശേഷം എല്ലാവരും പുതിയ മന്ദിരത്തിലേക്ക് പോകും. ഉച്ചയ്ക്ക് 1.15ന് ലോക്സഭയും 2.15ന് രാജ്യസഭയും സമ്മേളിക്കും.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച എട്ടു ബില്ലുകളാണ് അജൻഡയിലുള്ളത്. എന്നാൽ, അപ്രതീക്ഷിതമായി ചില സുപ്രധാന ബില്ലുകളും അവതരിപ്പിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.
പഴയ മന്ദിരം
മ്യൂസിയമാവും
നിലവിലെ പാർലമെന്റ് മന്ദിരം 1927 ജനിവരി 18ന് ബ്രിട്ടീഷ് ഇന്ത്യയിലെ അന്നത്തെ വൈസ്രോയി ഇർവിൻ പ്രഭുവാണ് ഉദ്ഘാടനം ചെയ്തത്. 1921 നിർമ്മാണം ആരംഭിച്ചു. എഡ്‌വിൻ ല്യൂട്ടൻസ്, ഹെർബർട്ട് ബേക്കർ എന്നിവരായിരുന്നു വാസ്തുശില്പിമാർ. മ്യൂസിയമായി നിലനിറുത്താനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |