കോഴിക്കോട്: പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത പശ്ചാത്തലത്തിൽ ജില്ലയിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകിത്തുടങ്ങി. 13ാം തിയതി മുതൽ കണ്ടെയ്ൻമെന്റ് സോണാക്കിയ പ്രദേശങ്ങളിലാണ് ഇളവ്,. .കടകൾ രാത്രി 8 വരെ പ്രവർത്തിപ്പിക്കാം, ബാങ്കുകൾക്ക് 2 മണി വരെ പ്രവർത്തിക്കാമെന്നും ജില്ലാകളക്ടറുടെ ഉത്തരവിൽ പറയുന്നു. അതേസമയം, മറ്റ് നിയന്ത്രണങ്ങൾ തുടരും.
നിപ ബാധിച്ചവരുമായി അടുത്ത സമ്പർക്കത്തിലുള്ളത് 352 പേരാണ്. ഇതിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്. അവസാനം നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 127 പേരുണ്ട് . നിപ സ്ഥിരീകരിച്ച ആറുപേരിൽ രണ്ടുപേരാണ് മരിച്ചത്. ചികിത്സയിലുള്ള നാലുപേരുടെ നില തൃപ്തികരമാണ്. മരിച്ച മരുതോങ്കര സ്വദേശിയുടെ മകനായ ഒമ്പതുകാരന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. കണ്ടെയ്‌മെന്റ് സോണുകളിലെ 47605 വീടുകളിൽ സർവേ നടത്തി. ആരോഗ്യപ്രവർത്തകർ 14,015 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സർവേ ടീം, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ .സി. ഡി. സി), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) എന്നീ മൂന്ന് കേന്ദ്രസംഘങ്ങളാണ് ജില്ലയിലുള്ളത്. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ സംഘവും കോഴിക്കോട്ടെത്തി. ആരോഗ്യ മന്ത്രി വീണാ ജോർജ് കേന്ദ്ര സംഘങ്ങളുമായി ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |