പട്ടാമ്പി: ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഡ്രോൺ ക്യാമറകളെ കൗതുകത്തോടെ നോക്കിക്കണ്ട തൃത്താലയിലെ ഒരുകൂട്ടം ചെറുപ്പക്കാർ ഇന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) അംഗീകൃത ഡ്രോൺ പൈലറ്റ് സർട്ടിഫിക്കറ്റ് നേടാനൊരുങ്ങുകയാണ്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപിന്റെ ചാത്തന്നൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിലെ പരിശീലനത്തിലൂടെയാണ് ഇവർ സർട്ടിഫിക്കറ്റ് നേടുന്നത്. ജില്ലയിലെ ആദ്യ സർക്കാർ അംഗീകൃത ഡ്രോൺ പരിശീലന കേന്ദ്രമാണിത്. ജില്ലയിലെ ആദ്യ സർക്കാർ അംഗീകൃത ഡ്രോൺ പരിശീലനം, ഡ്രോൺ പൈലറ്റ് പരിശീലനം നേടുന്ന ജില്ലയിലെ ആദ്യ വനിത എന്നിവയെല്ലാം ഈ ബാച്ചിന്റെ പ്രത്യേകതയാണ്.
ഡി.ജി.സി.എ സർട്ടിഫിക്കേഷനായി കാസർകോഡ് വച്ച് മൂന്നുദിവസത്തെ ഗ്രൗണ്ട് ഫ്ളയിംഗ് പരിശീലനവും ഇതോടൊപ്പം നൽകും. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് എസ്.സി വിഭാഗം യുവാക്കൾക്കാണ് പരിശീലനം. കോഴ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് ആഗസ്റ്റിൽ നിർവഹിച്ചിരുന്നു.
സംസ്ഥാനത്തെ ഏക റിമോട്ട് പൈലറ്റ് ട്രെയിനിംഗ് ഓർഗനൈസേഷനായ ഓട്ടോണോമസ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് പരിശീലനം. ഇത് വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്നവർ ഡ്രോൺ പറത്താൻ യോഗ്യരാകും. നേരത്തെ കാസർകോട് വിദ്യാനഗറിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാത്രമായിരുന്നു പരിശീലനം നൽകിയിരുന്നത്.
ലൈസൻസ് നിർബന്ധം
രാജ്യത്ത് ഡ്രോൺ പറത്താൻ ലൈസൻസ് നിർബന്ധമാണ്. ഡി.ജി.സി.എ സർട്ടിഫിക്കറ്റില്ലാതെ ഡ്രോൺ പറത്തുന്നത് ഒരുലക്ഷം വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. ഡ്രോൺ പറത്തൽ, ത്രീഡി മാപ്പിംഗ്, ഏരിയൽ സർവേ ആൻഡ് സിനിമാട്ടോഗ്രഫി, ഡ്രോൺ അസംബ്ലി ആൻഡ് പ്രോഗ്രാമിംഗ് എന്നിവയെല്ലാം പരിശീലനത്തിലുണ്ട്.
നൂതന പരിശീലനങ്ങൾ
ഡ്രോൺ കൂടാതെ നൂതന തൊഴിൽ മേഖലകളായ വെർച്ച്വൽ റിയാലിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിലും ചാത്തന്നൂരിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പരിശീലനം നൽകുന്നുണ്ട്.
നൈപുണ്യ വികസനത്തിന്റെ ഭാഗമായി വാർഷിക പദ്ധതി പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് പരിശീലനം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ഡ്രോൺ പരിശീലനത്തിന് ഫണ്ട് വകയിരുത്തുന്നത്.
-അഡ്വ.വി.പി.റജീന, ബ്ലോക്ക് പ്രസിഡന്റ്, തൃത്താല.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് 25 കിലോ വരെ ഭാരമുള്ള ഡ്രോൺ പറത്താൻ പത്തുവർഷം കാലാവധിയുള്ള ഡി.ജി.സി.എ റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് നൽകും.
-ഗോപകുമാർ, സെന്റർ ഹെഡ്, അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, ചാത്തന്നൂർ.
അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചാത്തന്നൂർ ഫോൺ: 9074628740. website: www.asapkerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |