SignIn
Kerala Kaumudi Online
Thursday, 28 September 2023 4.28 PM IST

ഭാഗധേയങ്ങളുടെ ചരിത്ര മന്ദിരം

dd

ഇത് വെറുമൊരു കെട്ടിടമല്ല: ജനങ്ങളുടെ ആശയുടെയും പ്രതീക്ഷയുടെയും പ്രതീകമാണ്!- 1927 ജനുവരി 18ന് പഴയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യവേ വൈസ്രോയി ഇർവിൻ പ്രഭു വായിച്ച അന്നത്തെ ബ്രിട്ടീഷ് രാജാവിന്റെ സന്ദേശത്തിലേതാണ് ഈ വാക്യം. വൃത്താകൃതിയിലുള്ള കെട്ടിടം നിത്യതയെ സൂചിപ്പിക്കുന്നുവെന്നും, തലമുറകളോളം രാജ്യത്തെ ജനങ്ങളുടെ ആശയുടെയും പ്രതീക്ഷയുടെയും പ്രതീകമായി, ജനങ്ങളുടെ ഭാഗധേയം നിർണയിക്കുന്ന നടപടികൾ ചർച്ച ചെയ്യുന്ന സ്ഥാപനമായി മാറുമെന്നും രാജാവ് പറഞ്ഞു.

ധാരാളം ചരിത്ര മുഹൂർത്തങ്ങളുടേതാണ് പഴയ പാർലമെന്റ് മന്ദിരം. 1947 ആഗസ്റ്റ് 14 ന് അർദ്ധരാത്രി ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് രാഷ്‌ട്രത്തോടു ചെയ്‌ത 'വിധിയുമായി കൂടിക്കാഴ്‌ച നടത്തി...' എന്നു തുടങ്ങുന്ന പ്രസംഗമാണ് അതിൽ പ്രധാനം. ലോകം കേട്ട മനോഹരമായ പ്രസംഗങ്ങളിലൊന്നായി മാറി, അത്. യഥാർത്ഥത്തിൽ പ്രസംഗം എഴുതി തയ്യാറാക്കാനാണത്രേ അദ്ദേഹം ആലോചിച്ചിരുന്നത്. സമയം കിട്ടാത്തതുകൊണ്ട് ഒടുവിൽ പെട്ടെന്നു നടത്തിയ പ്രസംഗമാണത്. അതാകട്ടെ, കവിതയുടെ മാധുര്യം നിറഞ്ഞതുമായി. അധികാരക്കൈമാറ്റം നടന്നപ്പോഴുള്ള ആ പ്രസംഗം സെൻട്രൽ ഹാളിലായിരുന്നു.

ലോക്‌സഭയുടെ

പൂർവകാലം

ഇന്നത്തെ ലോക്‌സഭയുടെ മുൻഗാമി എന്നു വിശേഷിപ്പിക്കാവുന്ന സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ളി അന്ന് ചേർന്നിരുന്നത് ഇന്നത്തെ ഡൽഹി അസംബ്ളി കെട്ടിടത്തിലായിരുന്നു. തലസ്ഥാനം കൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്കു മാറ്റിയ സമയത്ത്, 1911ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച കെട്ടിടമാണത്. 1927 വരെ സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ളി അഥവാ ബ്രിട്ടീഷ് ഇന്ത്യയുടെ പാർലമെന്റ് അവിടെ പ്രവർത്തിച്ചു. പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്‌ത ശേഷം ഇവിടേക്കു മാറി.

ഭരണഘടനാ നിർമ്മാണ അസംബ്ളി 1946 ഡിസംബർ മുതൽ ചേർന്നതും ഈ പാർലമെന്റ് മന്ദിരത്തിലാണ്. ഭരണഘടനാ നിർമ്മാണ അസംബ്ളി തയ്യാറാക്കിയ ഭരണഘടന 1949 നവംബർ 26ന് പാസാക്കി. ഇന്ത്യയെ സംബന്ധിച്ച് പ്രധാന ഒരു ദിവസമാണ് അത്. പക്ഷേ ഭരണഘടന പൂർണമായി നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. ജനുവരി 26നും ചരിത്രപരമായ പ്രാധാന്യമുണ്ട്. 1929 ജനുവരി 26നാണ് ലാഹോറിൽ ചേർന്ന എ.ഐ.സി.സി സമ്മേളനം പൂർണ സ്വരാജ് പ്രമേയം പാസാക്കിയത്. നെഹ്റു അവതരിപ്പിച്ച പ്രമേയത്തിലൂടെ കോൺഗ്രസ് ആദ്യമായി സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യം പ്രഖ്യാപിച്ചു. അതോടെ കോൺഗ്രസ് ജനുവരി 26 സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ച് ആഘോഷിക്കാൻ തുടങ്ങി. 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ അതു തുടർന്നു.

പൂർണ അധികാരം

കൈവരുന്നു

ഭരണഘടന സ്വീകരിച്ചത് നവംബറിലാണെങ്കിലും ജനുവരി 26നാണ് അതു നിലവിൽ വന്നത്. അതായത്, ഇന്ത്യ റിപ്പബ്ളിക് ആയ ദിവസം. അതുവരെ ബ്രിട്ടീഷ് ചക്രവർത്തിക്കു കീഴിൽ പരമാധികാരമുള്ള ഡൊമിനിയൻ മാത്രമായിരുന്ന ഇന്ത്യ പൂർണ അധികാരമുള്ള രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. 1950-ൽ റിപ്പബ്ളിക് ആയതോടെ അതുവരെ നിലനിന്ന ഗവർണർ ജനറൽ പദവിക്കു പകരം രാഷ്‌ട്രപതി വന്നു. ഈ നടപടികൾക്കെല്ലാം സാക്ഷ്യം വഹിച്ചത് പാർലമെന്റ് മന്ദിരമാണ്.

സെൻട്രൽ ഹാൾ പിന്നീട് പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്‌ട്രപതിക്ക് പ്രസംഗത്തിനുള്ള ഇടമായി മാറി. ഈ സെൻട്രൽ ഹാൾ ബ്രിട്ടീഷ് കാലത്ത് ലൈബ്രറി ആയിരുന്നു. പിന്നീട് കോൺസ്റ്റിറ്റുവന്റ് അസംബ്ളി സമ്മേളിച്ചപ്പോൾ ലൈബ്രറി അന്നത്തെ ഫെഡറൽ കോർട്ട് (ഇപ്പോഴത്തെ സുപ്രീംകോടതി) പ്രവർത്തിച്ച സ്ഥലത്തേക്കു മാറ്റി. ഇന്ന് ലൈബ്രറിക്കു മാത്രമായി പ്രത്യേകം കെട്ടിടമുണ്ട്. റിപ്പബ്ളിക് ആയതിനു ശേഷം സുപ്രീം കോടതിക്കും പ്രത്യേകം കെട്ടിടം വന്നു. വിദേശ അതിഥികൾക്കും രാഷ്‌ട്രത്തലവന്മാർക്കും സ്വീകരണം നൽകിയിരുന്നത് സെൻട്രൽ ഹാളിലായിരുന്നു.

വാസ്‌തുവിദ്യ പ്രകാരം ലോകത്തെ മനോഹരമായ പാർലമെന്റ് കെട്ടിടങ്ങളിലൊന്നാണ് ഇന്ത്യയുടേത്. 96 വർഷങ്ങൾക്കു ശേഷവും, സ്ഥലപരിമിതി പ്രശ്നങ്ങളല്ലാതെ ഭംഗിക്ക് ഒരു കോട്ടവും വന്നില്ല. പിന്നീട് രാഷ്‌ട്രപതി ഭവൻ ആയി മാറിയ വൈസ്രോയി ഹൗസ്, നോർത്ത് ബ്ളോക്ക്, സൗത്ത് ബ്ളോക്ക് തുടങ്ങിയവയുടെ ശില്പികളായ എഡ്വേർഡ് ലുട്ട്യൻസും ഹെർബർട്ട് ബേക്കറുമാണ് രൂപകല്പന നിർവഹിച്ചത്. പകരംവയ്‌ക്കാനില്ലാത്ത രൂപകല്പനയാണ് ഇവയുടേതെല്ലാം.

പുതിയ മന്ദിരം

എന്ന ആശയം

യഥാർത്ഥത്തിൽ പുതിയ പാർലമെന്റ് മന്ദിരം അനിവാര്യമായിരുന്നു. ഞാൻ സെക്രട്ടറി ജനറൽ ആയിരുന്ന സമയം മുതൽ അതു സംബന്ധിച്ച ചർച്ച തുടങ്ങിയിരുന്നു. ഭരണഘടന പ്രകാരം ലോക്‌സഭയുടെ അംഗസംഖ്യ കാലാകാലങ്ങളിൽ സെൻസസ് പ്രകാരം ക്രമപ്പെടുത്തണം. അതായത് ജനസംഖ്യ കൂടുന്നതിന് ആനുപാതികമായി ജനപ്രതിനിധികളുടെ എണ്ണം കൂട്ടണം. 1971ലെ സെൻസസ് പ്രകാരമുള്ള സൗകര്യമാണ് പഴയ പാർലമെന്റ് മന്ദിരത്തിലുള്ളത്. 2026-ലെ സെൻസസിനു ശേഷം പ്രതിനിധികളുടെ എണ്ണം കൂട്ടേണ്ടതുണ്ട്. അതിനാൽ ആയിരം അംഗങ്ങൾക്കെങ്കിലും ഒരേസമയം സമ്മേളിക്കാവുന്ന കെട്ടിടം അനിവാര്യമായിരുന്നു. അപ്പോൾ സെൻട്രൽ ഹാൾ പോലും മതിയാകില്ല.


പുതിയ മന്ദിരം പഴയതിന് തൊട്ടടുത്ത് നിൽക്കുന്നതിനാൽ താരതമ്യം എളുപ്പമാണ്. രണ്ടിന്റെയും വ്യത്യാസം പെട്ടെന്ന് മനസിലാക്കാം. നേരെ മുന്നിൽ മുറ്റത്തുതന്നെ പുതിയ മന്ദിരം നിർമ്മിച്ചതിന്റെ ശരിതെറ്റുകൾ ഇപ്പോൾ ചർച്ച ചെയ്യുന്നില്ല. പക്ഷേ പാർലമെന്റിനു ചുറ്റുപാടുമുള്ള സ്ഥലം വളരെയധികം ഇടുങ്ങി.

ഡൽഹിയിൽ സ്ഥലത്തിന് ബുദ്ധിമുട്ടില്ലാത്തതിനാൽ കുറച്ചു മാറി നിർമ്മിക്കാമായിരുന്നു. സെക്രട്ടേറിയറ്റ് കെട്ടിടം, രാഷ്‌ട്രപതി ഭവൻ എന്നിവയുടെ അടുത്ത് നിർമ്മിക്കാൻ സർക്കാർ ആഗ്രഹിച്ചെങ്കിലും വലിയ ചർച്ചയൊന്നും നടന്നില്ല. സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഉപയോഗിച്ചു. പൈതൃക കെട്ടിടം എന്തിനായി ഉപയോഗിക്കുമെന്നത് ഇപ്പോൾ സർക്കാർ വ്യക്തമാക്കിയിട്ടില്ല. സംയുക്ത സമ്മേളനവും പ്രധാന അവസരങ്ങളിലെ സമ്മേളനങ്ങളും വിദേശ അതിഥികളെ സ്വീകരിക്കൽ തുടങ്ങിയവയും സെൻട്രൽ ഹാളിൽ തുടരാവുന്നതാണ്. സെൻട്രൽ ഹാളിനു പകരം പുതിയ മന്ദിരത്തിലെ വലിയ ലോക്‌സഭാ ചേംബർ ഉപയോഗിക്കാനാണ് സർക്കാർ നീക്കം. പക്ഷേ ലോക്‌സഭയിൽ എല്ലാവരും ഒന്നിക്കുന്നത് നല്ല കീഴ്‌വഴക്കമാകില്ല. ലോക്‌സഭാ ചേംബർ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് ചട്ടം.

നിയമനങ്ങൾക്ക്

പ്രത്യേക വകുപ്പ്

ഭരണഘടനയുടെ 98-ാം വകുപ്പ് പാർലമെന്റിന്റെ ഇരു സഭകൾക്കും പ്രത്യേകം സെക്രട്ടേറിയറ്റ് വേണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. സ്‌പീക്കർ, രാജ്യസഭാ അദ്ധ്യക്ഷൻ എന്നിവരുമായി ആലോചിച്ച് ജീവനക്കാരുടെ നിയമന വ്യവസ്ഥകളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് രാഷ്‌ട്രപതിയാണ്. ഭരണഘടനയുടെ 309-ാം വകുപ്പാണ് കേന്ദ്ര, സംസ്ഥാന ജീവനക്കാരുടെ സർവീസ് വ്യവസ്ഥകളുമായി ബന്ധപ്പെട്ടത്. എന്നാൽ പാർലമെന്റ് ജീവനക്കാർക്കായി 98-ാം വകുപ്പ് പ്രത്യേകമായി ഉണ്ടാക്കിയതിന് കാരണമുണ്ട്.

സെക്രട്ടേറിയറ്റ് ജീവനക്കാർ കേന്ദ്രസർക്കാർ അഥവാ എക്‌സിക്യുട്ടീവിനോട് വിധേയരാകാൻ പാടില്ലെന്ന കാഴ്‌ചപ്പാടാണ് അതിനു പിന്നിൽ. സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളെയും സൂക്ഷ്മപരിശോധന നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാർ സർക്കാരിന്റെ ഭാഗമാകുന്നത് ശരിയാകില്ല. അവരുടെ വിധേയത്വം സഭയോടാണ്. പൊതു ചട്ടങ്ങൾ അവർക്കു ബാധകമല്ല. അതുകൊണ്ടാണ് ദീർഘവീക്ഷണമുള്ള ഭരണഘടനാ ശില്പികൾ അതു നടപ്പാക്കിയത്. എന്നാൽ അടുത്ത കാലത്തായി എക്‌സിക്യുട്ടീവിന്റെ ഭാഗമായവർ തന്നെയാണ് ഇരു സെക്രട്ടേറിയറ്റുകളും നിയന്ത്രിക്കുന്നത്. സിവിൽ സർവീസുകാരെ നിയമിക്കുന്നതും ചട്ടവിരുദ്ധമാണ്. സർക്കാർ പറയുന്നത് ചെയ്യാൻ ഇപ്പോൾ സെക്രട്ടേറിയറ്റ് നിർബന്ധിതമാകുന്നു എന്നാണ് അറിവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OLD PARLIAMENT BUILDING, 1
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.