പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ പുതിയ കാഷ്വാലിറ്റിയും ക്രിട്ടിക്കൽ കെയർ യൂണിറ്റും ആധുനിക ഒ.പി ബ്ളോക്കും നിർമ്മിക്കുന്നതിന്റെ ഭാഗമായി നിലവിലെ കാഷ്വാലിറ്റിയും ഒ.പി ബ്ളോക്കും പൊളിക്കും. ആശുപത്രി വികസനസമിതിയുടെ അടുത്തയോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യമില്ലായ്മയും കെട്ടിടത്തിന്റെ കാലപ്പഴക്കവുമാണ് നിലവിലെ കാഷ്വാലിറ്റിയും ഒ.പി ബ്ളോക്കും പൊളിച്ചുമാറ്റാൻ കാരണം. മൂന്ന് വർഷത്തിനുള്ളിൽ പുതിയ കെട്ടിടം പൂർത്തീകരിക്കാനാണ് പദ്ധതി. അതുവരെ കൊവിഡ് കാലത്ത് ഉപയോഗിച്ച ബി ആൻഡ് സി ബ്ളോക്കിന് സമീപത്തെ സാംക്രമിക രോഗനിർണയ കേന്ദ്രം കാഷ്വാലിറ്റിയായും കാരുണ്യ ഫാർമസിക്ക് സമീപമുള്ള കെ.എച്ച്.ആർ പേ വാർഡ് ഒ.പി വാർഡായും പ്രവർത്തിപ്പിക്കാനാണ് ആലോചന.
സ്ഥലപരിമിതിയിൽ വീർപ്പുമുട്ടും
കാഷ്വാലിറ്റിയും ഒ.പി ബ്ളോക്കും പൊളിച്ച് പുതിയ കെട്ടിടം പൂർത്തിയാകുന്നതു വരെ സ്ഥലപരിമിതി രോഗികളെയും കൂട്ടിരിപ്പുകാരെയും വലയ്ക്കും. ആശുപത്രിയുടെ പ്രധാന കവാടം അടയ്ക്കേണ്ടിവരും. പകരം പിന്നിലെ ഡോക്ടേഴ്സ് ലെയ്നിൽ നിന്ന് ആശുപത്രിയിലേക്ക് താൽക്കാലിക വാതിൽ നിർമ്മിക്കും. ഇതിനായി കാരുണ്യ ഫാർമസിക്ക് പിന്നിൽ ആശുപത്രിയുടെ മതിൽ പൊളിക്കും. ഇൗ ഭാഗത്തുകൂടി കാഷ്വാലിറ്റിയിലേക്കും പുറത്തേക്കും വഴിയൊരുക്കും.
പാർക്കിംഗ് പ്രശ്നം
ആശുപത്രിയിൽ നിലവിലെ പാർക്കിംഗ് ഏരിയയിൽ മറ്റൊരു ഒ.പി ബ്ളോക്കിന്റെ നിർമ്മാണം നടന്നുവരികയാണ്. പുതിയ ബ്ളോക്ക് നിർമ്മിക്കുമ്പോൾ ആശുപത്രിക്കുള്ളിൽ പാർക്കിംഗിന് സ്ഥലമുണ്ടാകില്ല. റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടിവരും.
പുതിയ കെട്ടിടങ്ങളും ചെലവിടുന്ന തുകയും
സി.സി.യു, കാഷ്വാലിറ്റി : 23 കോടി
പുതിയ ഒ.പി ബ്ളോക്ക് : 12 കോടി
(അണ്ടർ ഗ്രൗണ്ട് പാർക്കിംഗ്)
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
വാടകക്കെട്ടിടത്തിലേക്കോ ?
പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോഴുള്ള സ്ഥലപരിമിതി രോഗികളെ ബാധിക്കാതിരിക്കാനും വാഹന പാർക്കിംഗിനും മറ്റുമായി ആശുപത്രിയിലെ ഒ.പി സംവിധാനം സമീപത്തെ ഇരുന്നൂറ് മീറ്റർ അകലെയുള്ള പഴയ ജിയോ ആശുപത്രിയിലേക്ക് മാറ്റാനും ആലോചനയുണ്ട്. ഇത് രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. ഒ.പി മാറ്റുമ്പോൾ ലാബോറട്ടറികളും മാറ്റേണ്ടി വരും. ഇതിനുള്ള ഇലക്ട്രിക്, സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാൻ വൻ തുക ചെലവാക്കണം. ഒ.പി ജിയോ ആശുപത്രിയിലേക്ക് മാറ്റുകയും ലാബ് ജനറൽ ആശുപത്രിയിൽ നിലനിറുത്തുകയും ചെയ്താൽ പരിശോധനകൾക്ക് അങ്ങോട്ടുമിങ്ങോട്ടും പോകേണ്ടിവരുന്നത് രോഗികൾക്ക് ദുരിതമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |