തൃക്കാക്കര: സ്ത്രീ പീഡനക്കേസിൽപ്പെട്ട പ്രാദേശിക കോൺഗ്രസ് നേതാവിനെ തിരിച്ചെടുത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ഇടത്ത് കൗൺസിലർമാരും ഹരിത കർമ്മ സേനാംഗങ്ങളും. സ്ത്രീ പീഡനക്കേസിൽപ്പെട്ടതിനെ തുടർന്ന് ഹരിത കർമ്മ സേനയിൽ നിന്നും പുറത്താക്കിയ സാബു പടിയഞ്ചേരി ഇന്നലെ രാവിലെ ഏഴരയോടെ മുന്നറിയിപ്പില്ലാതെ നഗരസഭയിലെത്തി മാലിന്യം ശേഖരിക്കുന്ന ഓട്ടോ ഓടിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇതിനെതിരെ ഹരിത കർമ്മ സേനാംഗങ്ങൾ രംഗത്ത് വന്നതോടെ അദ്ദേഹം പിന്തിരിഞ്ഞു. സാബുവിനെ ജോലിചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാടിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം കൗൺസിലർമാർ രംഗത്ത് വന്നു.ഇതിനിടെ ജില്ലാ മാലിന്യ സംസ്കരണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) തൃക്കാക്കര മുൻസിപ്പൽ സെക്രട്ടറി ബാബു,പ്രസിഡന്റ് കെ.ബി ദാസൻ,സ്വതന്ത്ര കൗൺസിലർ പി.സി മനൂപ് എന്നിവരുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചു.തുടർന്ന് മുൻസിപ്പൽ സെക്രട്ടറി പ്രസാദിന്റെ നേതൃത്വത്തിൽ നേതാക്കളുമായി നടത്തിയ ചർച്ചയിൽ സാബു പടിയഞ്ചേരിയെ തിരിച്ചെടുക്കില്ലെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.തുടർന്ന് പത്തുമണിയോടെ മാലിന്യ നീക്കം ആരംഭിച്ചു.
പീഡനക്കേസ് പ്രതിയെ സഹായിക്കുന്ന ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടത് കൗൺസിലർമാർ നഗരസഭയിൽ പ്രതിഷേധം നടത്തി. സമരം പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു.കൗൺസിലർമാരായ ജിജോ ചങ്ങം തറ,അജുന ഹാഷിം,സുമ മോഹൻ,അനിത ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പീഡനക്കേസിൽ പ്രതിയായ ആളെ ജോലിക്കെടുക്കില്ലെന്ന മുൻസിപ്പൽ ചെയർപേഴ്സൻ രാധാമണി പിള്ളയുടെ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.
യു.ഡി.എഫിലും ഭിന്നത
സ്ത്രീ പീഡനക്കേസിൽപ്പെട്ട നേതാവിനെ തിരിച്ചെടുക്കുന്നതിനെതിരെ യു.ഡി.എഫിലും ഭിന്നത. നഗരസഭാ ചെയർപേഴ്സൻ രാധാമണി പിളള ഉൾപ്പടെ ഒരുവിഭാഗം കോൺഗ്രസ് കൗൺസിലർമാർക്കും വൈസ് ചെയർമാൻ പി.എം യൂനുസ് ഉൾപ്പടെ മുസ്ലിം ലീഗ് കൗൺലർമാർക്കും എതിർപ്പാണെന്നാണ് അറിയുന്നത്. തന്നോട് ആലോചിക്കാതെ സാബു പടിയഞ്ചേരിയെ ജോലിയിൽ കയറ്റരുതെന്ന് നഗരസഭാ ചെയർപേഴ്സൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |