SignIn
Kerala Kaumudi Online
Thursday, 28 September 2023 4.19 PM IST

കാട്ടിൽ വീണ്ടും വെടിയൊച്ച,​ മൃഗവേട്ട തടയാനാകുന്നില്ല

ഇടുക്കി: വനപാലകരുടെ കണ്ണുവെട്ടിച്ചു വണ്ടിപ്പെരിയാർ, പീരുമേട് മേഖലകളിൽ മൃഗവേട്ട തുടരുകയാണ്. തോട്ടം മേഖലയോടു ചേർന്നു കിടക്കുന്ന വനപ്രദേശങ്ങളിലും അതിർത്തി വനമേഖലകളിലുമാണ് നായാട്ടുസംഘം സജീവമായിരിക്കുന്നത്. ആന,​ കാട്ടുപോത്ത്, കാട്ടുപന്നി, മ്ലാവ്, കേഴ, മുള്ളൻ, മുയൽ തുടങ്ങിയ മൃഗങ്ങളെയാണ് ഇവർ മാംസത്തിനായും കൊമ്പിനായും തോലിനായും കൊന്നുതള്ളുന്നത്. പെരുമ്പാമ്പ്, വെരുക് എന്നിവയെയും വേട്ടയാടുന്നുണ്ട്. കാട്ടുപന്നി പോലുള്ള മൃഗങ്ങളെ കൃഷിയിടങ്ങളോടു ചേർന്നുള്ള മേഖലകളിൽ നിന്നാണ് പിടികൂടുന്നത്. കേഴ, കാട്ടുപോത്ത്, മ്ലാവ് തുടങ്ങിയ മൃഗങ്ങൾക്കായി നായാട്ടുസംഘം കാട്ടിലേക്ക് പോവുകയാണ് പതിവ്. കാട്ടുമൃഗങ്ങളുടെ ഇറച്ചിക്ക് ആവശ്യക്കാരേറെയാണ്. വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ ഇറച്ചി മലയോര പ്രദേശങ്ങളിലെ സമാന്തര ബാറുകളിലേക്ക് രഹസ്യമായി വിൽപന നടത്തുന്നതായും സൂചനയുണ്ട്. വൻ തുകയാണ് ഇവർ ഇറച്ചിക്ക് ഈടാക്കുന്നത്. പോത്തിറച്ചിക്കും പന്നിയിറച്ചിക്കും ഇടയിൽ ഒളിപ്പിച്ചാണ് മാംസം കടത്തൽ. കേടാവാതിരിക്കാൻ ഉപ്പു ചേർത്ത് വട്ടയിലയിൽ പൊതിയും. വലിയ അളവിൽ ഇറച്ചി സൂക്ഷിക്കാതിരിക്കാൻ സംഘം പ്രത്യേകം ശ്രദ്ധിക്കും. പലരുടെ പക്കലായി ചെറുപൊതികളായാണ് കടത്തുക. ഒരു കിലോ കാട്ടുപോത്തിന്റെ ഇറച്ചിയ്ക്ക് തൊടുപുഴ മേഖലയിലെത്തുമ്പോൾ 3000 രൂപവരെ വിലവരും. നായാട്ടു സംഘങ്ങൾക്ക് ചില പൊലീസുകാരും വനപാലകരും ഒത്താശ ചെയ്തുകൊടുക്കുന്നതായും ആരോപണമുണ്ട്. കുറച്ചു വർഷങ്ങൾക്ക് മുൻപ് ദേവികുളത്ത് 800 കിലോയോളം തൂക്കമുള്ള കാട്ടുപോത്തിനെ പൊലീസുകാരടക്കമുള്ള സംഘം വെടിവച്ചുകൊന്ന സംഭവം ഏറെ വിവാദമായിരുന്നു.

ഇരകൾ ആദിവാസികൾ

കാടിനെ അറിയുന്ന ആദിവാസി യുവാക്കളുമായാണ് നായാട്ടുകാർ കാടുകയറുന്നത്. ആദിവാസി വിഭാഗങ്ങളിലെ ഭൂരിഭാഗവും കാട്ടിറച്ചി ഭക്ഷിക്കാത്തവരാണ്. എന്നാൽ നാട്ടുകാരായ നായാട്ടുകാർ പണവും മദ്യവും വാഗ്ദാനം ചെയ്താണ് ഇവരെ കാട്ടിൽ കൊണ്ടുപോകുന്നത്. കാട്ടിലെ മൃഗങ്ങളുടെ ചലനം അറിയാനും വെളിച്ചമില്ലാതെ കാട്ടിലൂടെയുള്ള യാത്രയ്ക്കും ഭാരമുള്ള വസ്തുക്കൾ ചുമക്കാനും കാടിനുള്ളിലെ കശാപ്പിനുമെല്ലാം ആദിവാസി യുവാക്കളെ ഉപയോഗിക്കും. ഊരിൽ അറിഞ്ഞാൽ വലിയ ശിക്ഷാ നടപടികളുണ്ടാവുമെങ്കിലും മദ്യവും പണവും മോഹിച്ചാണ് യുവാക്കൾ നായാട്ടിന് തയ്യാറാകുന്നത്. നായാട്ടിന് പോകാൻ മാത്രം ആദിവാസി യുവാക്കളെ തോട്ടത്തിൽ പണിക്ക് നിറുത്തിയിട്ടുള്ള വലിയ തോട്ടം ഉടമകൾ ജില്ലയിലുണ്ട്.

അഞ്ച് വർഷം വരെ തടവ്

സംരക്ഷിതവനത്തിൽ നായാട്ടിനായി പ്രവേശിച്ചാൽ ഒന്നുമുതൽ അഞ്ചുവർഷം വരെ തടവും 1000 മുതൽ 5000 രൂപ വരെ പിഴയും ലഭിക്കും. കേസിന്റെ തീവ്രതയനുസരിച്ച് കോടതിക്ക് മറ്റ് ശിക്ഷകളും നൽകാവുന്നതാണ്. നാടൻ തോക്ക് കൈവശം വച്ചാൽ ആയുധ നിയമപ്രകാരം പൊലീസാണ് കേസെടുക്കേണ്ടത്. പക്ഷേ റവന്യൂ, സ്വകാര്യ ഭൂമിയിലോ വനത്തിലോ വന്യമൃഗങ്ങളെ വേട്ടയാടുക, ഭയപ്പെടുത്തുക, മുറിവേൽപിക്കുക തുടങ്ങിയ കൃത്യങ്ങൾ ചെയ്യുകയോ അവയുടെ ശരീരഭാഗങ്ങൾ കൈവശം സൂക്ഷിക്കുകയോ ചെയ്താൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പിന് കേസെടുക്കാൻ നിയമമുണ്ട്.

തോക്കെടുത്തോ പക്ഷേ...

നായാട്ടിനിടെ പിടിയിലാകുന്നവരുടെ പക്കൽനിന്നു നാടൻതോക്കുകൾ പിടികൂടാറുണ്ടെങ്കിലും ഉറവിടം വ്യക്തമാകാറില്ല. രഹസ്യമായാണ് ജില്ലയിൽ നാടൻ തോക്കുകളുടെ വിൽപനയും ഉപയോഗവും. എന്നാൽ, ലൈസൻസ് ആവശ്യമില്ലാത്ത എയർഗണ്ണുകൾ നാട്ടിൽ സർവസാധാരണമാണ്. 15,000 മുതൽ 30,000 രൂപ വരെയാണ് നാടൻ തോക്കുകൾക്ക് വില ഈടാക്കുന്നത്. നായാട്ടിനു വേണ്ടിയാണ് പലരും തോക്കുകൾ വാങ്ങുന്നത്. ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ തോക്ക് ലൈസൻസുള്ളത് 700 പേരിൽ താഴെയാണ്. ഉടുമ്പൻചോല, ഇടുക്കി, ദേവികുളം, പീരുമേട് താലൂക്കുകളിലായാണ് ഇത്രയും ലൈസൻസുകൾ. എന്നാൽ ജില്ലയിൽ മുന്നൂറോളം പേർക്ക് കള്ളത്തോക്കുണ്ടെന്നാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ കണക്ക്. വൻകിട തോട്ടം ഉടമകൾക്കാണ് തോക്ക് ലൈസൻസ് അധികവുമുള്ളത്. നേരത്തെ ദേവികുളം, ബൈസൺവാലി, രാജാക്കാട് മേഖലകളിൽ തോക്കുണ്ടാക്കുന്നവർ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തമിഴ്‌നാട്ടിൽ നിന്നാണു കള്ളത്തോക്കുകൾ എത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.