ഭീതി പരത്തിയ നിപ വൈറസിനെ നാം വീണ്ടും അതിജീവിക്കുന്നു. കൃത്യസമയത്തെ ഇടപെടലുകളാണ് വലിയ വിപത്തിൽ നിന്നും നാടിനെ രക്ഷിച്ചത്. വരുംനാളുകളിലും വൈറസിന്റെ ഭീഷണി മുൻകൂട്ടി കാണണം. ഫലപ്രദമായ പഠനങ്ങളാണ് പ്രതിരോധത്തിന് അനിവാര്യം . 2018ൽ സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് കണ്ടെത്തിയ സാഹചര്യവും ഇപ്പോഴത്തേതും താരതമ്യപ്പെടുത്തുമ്പോൾ വൈറസിൽ ജനിതമാറ്റം അനുമാനിക്കാം. രോഗപകർച്ചാ രീതിയാണ് അതിന് പ്രധാനകാരണം. 2018ൽ ആദ്യരോഗിയിൽ നിന്ന് 15 പേരിലേക്ക് വൈറസ് പടർന്നപ്പോൾ ഇപ്പോളത് അഞ്ചായി കുറഞ്ഞു. അന്ന് 19ൽ 17 പേരും മരിച്ചു. ഇന്ന്ആറിൽ നാല് പേരെയും ജീവിതത്തിലേക്ക് മടക്കികൊണ്ടുവരികയാണ്. ചുരുങ്ങിയ വ്യാപനതോത് പ്രതിരോധത്തിന് ആശ്വാസമായി. എന്നാൽ മുൻകാലങ്ങളിൽ നിപരോഗികളിലുണ്ടായ മസ്തിഷ്കജ്വരം പോലുള്ള ലക്ഷണങ്ങളായിരുന്നില്ല ഇപ്പോൾ കണ്ടത്. ന്യുമോണിയ, സംസാരത്തിലെ അവ്യക്തത, ഒരു വസ്തുവിനെ രണ്ടായി കാണുക തുടങ്ങിയ ലക്ഷണളോടെയായിരുന്നു രോഗബാധിതരെത്തിയത്. ആരോഗ്യപ്രവർത്തകരുടെ മുൻപരിചയം ഇവ നിപയുടെ ലക്ഷണങ്ങളാകാമെന്ന കണക്കുകൂട്ടലിലേക്ക് അതിവേഗമെത്താൻ സഹായിച്ചു.
മുൻപരിചയം തുണച്ചു,
സംശയങ്ങൾ തെറ്റിയില്ല
ആശുപത്രികളിൽ നിന്നും അടുത്ത സമ്പർക്കത്തിലൂടെയുമാണ് നിപ മറ്റുള്ളവരിലേക്ക് എത്തിയത്. 2018ലെ ആദ്യ രോഗിയിൽനിന്നും ഇപ്പോഴത്തെ ആദ്യരോഗിയിൽ നിന്നും വൈറസ് വീടിന് പുറത്തേക്ക് എത്തിയത് ആശുപത്രിയിൽ നിന്നാണ്.
കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ആദ്യ രോഗി ചികിത്സ തേടിയിരുന്നു. അവിടെ ഒ.പിയിൽ വച്ചുള്ള അടുത്ത സമ്പർക്കത്തിലൂടെ രണ്ടാമത്തെ ആളിലേക്കും വൈറസ് എത്തി. ആദ്യ രോഗിയുടെ മരണശേഷമാണ് രണ്ടാമത്തെയാൾ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആസ്റ്ററിലെത്തിക്കുന്നത്. ഈ രോഗിയും മരണപ്പെട്ടെങ്കിലും അതിനിടെ ആദ്യം മരണപ്പെട്ട രോഗിയുടെ വീട്ടിലെ ഒൻപത് വയസുള്ള കുട്ടിയെ ആസ്റ്ററിലെത്തിച്ചു. ന്യുമോണിയ ആയിരുന്നു ലക്ഷണമെങ്കിലും വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ വീട്ടിലെ അംഗം ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ടതായി അറിഞ്ഞു. അദ്ദേഹത്തിനുണ്ടായിരുന്ന ലക്ഷണങ്ങളും ആസ്റ്ററിൽ ഗുരുതരാവസ്ഥയിലെത്തി മരണപ്പെട്ടയാളുടെ ലക്ഷണങ്ങളും സമാനമാണെന്ന് സംശയിച്ച് രേഖകൾ പരിശോധിച്ചപ്പോഴാണ് ഇരുവരും
ഒരേ ദിവസം ഇഖ്റ ആശുപത്രിയിലുണ്ടായിരുന്നതായി വ്യക്തമായത്. മാത്രമല്ല ഇവരെല്ലാം 2018ൽ നിപയുടെ പ്രഭവകേന്ദ്രമായ ജാനകികാടിന്റെ പരിസരത്തുള്ളവരുമാണ്. ഇതെല്ലാ നിപ സംശയം ബലപ്പെടുത്തി. പിന്നെ നിമിഷങ്ങൾ പോലും കളയാതെ ആരോഗ്യവകുപ്പിനെ ഉൾപ്പെടെ വിവരം അറിയിച്ച്, സാമ്പിളുകൾ പരിശോധയ്ക്ക് എൻ.ഐ.വി പൂനയിലേക്ക് അയച്ചു. ഇതോടൊപ്പം
രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സയും നൽകി.
കൊവിഡ്
അനുഭവങ്ങൾ കരുത്ത്
കൊവിഡ് മഹാമാരിയെ ചെറുക്കാൻ സ്വീകരിച്ച മാർഗങ്ങൾ ഇത്തരം ഘട്ടങ്ങളിൽ ആരോഗ്യപ്രവർത്തകർക്കും കരുത്താണ്. പി.പി.ഇ കിറ്റും മാസ്കും എങ്ങനെ ധരിക്കണമെന്നും രോഗിയെ എങ്ങനെ ഐസോലേഷനിൽ പാർപ്പിക്കണമെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ താഴെത്തട്ടിലുള്ളവർക്കു പോലും കൃത്യമായി അറിയാം. സ്വയം നിയന്ത്രിച്ച് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കൊവിഡ് അനുഭവങ്ങൾ അരോഗ്യപ്രവർത്തകർക്ക് സഹായമാണ്. ആളുകളോട് രോഗവ്യാപനത്തിന്റെ ഗൗരവം വേഗത്തിൽ പറഞ്ഞു മനസിലാക്കാനും സഹായിക്കും. കൊവിഡിന് ശേഷം സംസ്ഥാനത്ത് പലതരം ആന്റിവൈറൽ മരുന്നുകൾ ലഭ്യമാണ്. ഇതെല്ലാം അതിവേഗം രോഗികൾക്ക് ലഭ്യമാക്കാനായി.
ഉത്തരങ്ങൾക്കായി
പഠനങ്ങൾ വേണം
നിപ ശമിക്കുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിരവധിയാണ്. 2018ലെ ആദ്യ നിപ വരവിന് ശേഷം നടന്ന വിശദപഠനത്തിൽ വവ്വാലിൽ നിന്നാണ് വൈറസ് പടരുന്നതെന്ന് വ്യക്തമായിരുന്നു. എന്നാൽ അന്നത്തെ ആദ്യ രോഗി മുറിവേറ്റ വവ്വാലിനെ പരിചരിച്ചെന്നാണ് നിഗമനം. 2021ലെ രോഗി വവ്വാൽ കടിച്ച പഴം കഴിച്ചതായും സംശയിക്കുന്നു. എന്നാൽ ഇക്കുറി ആദ്യം രോഗം ബാധിച്ചയാളുടെ ഉറവിടം ഇനിയും അജ്ഞാതമാണ്. വവ്വാലുകളിൽ ഈ വൈസ് സാന്നിദ്ധ്യമുണ്ടെങ്കിലും കോഴിക്കോട് ജാനകികാടും പരിസരപ്രദേശങ്ങളിലും മാത്രം ഇത് എങ്ങനെ പടരുന്നു? പ്രജനനകാലം, ആവാസവ്യസ്ഥയിലെ മാറ്റം, ഭക്ഷണദൗർലഭ്യം എന്നീ ഘട്ടങ്ങളിൽ വൈറസ് പുറന്തള്ളപ്പെടുമെന്ന് പറയപ്പെടുന്നു . എന്നാൽ ഇവിടെ സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടോ? വവ്വാലുകളിലെ വൈറസ് മനുഷ്യരിലേക്ക് എത്തുന്നത് ഏത് മാർഗത്തിലൂടെയാണ്? സംസ്ഥാനത്തുണ്ടാകുന്ന എല്ലാ ന്യുമോണിയ മരണങ്ങളും മസ്തിഷ്കജ്വരം ബാധിച്ചുള്ള മരണങ്ങളും പഠന വിധേയമാക്കണം. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലൂടെ മാത്രമേ നിപയെ പിടിച്ചുകെട്ടാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |