കാട്ടാക്കട: പൂവച്ചലിൽ പത്താംക്ളാസ് വിദ്യാർത്ഥി ആദിശേഖറിനെ (14) ഇലക്ട്രിക് കാറിടിച്ച് കൊലപ്പെടുത്തിയ പൂവച്ചൽ പുളിങ്കോട് ഭൂമികയിൽ പ്രിയരഞ്ജനെ (42) കാട്ടാക്കട സി.ഐ.ഷിബുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇന്നലെ രാവിലെ 11ഓടെ കസ്റ്റഡിയിൽ വാങ്ങി.
നെയ്യാറ്റിൻകര ജയിലിലായിരുന്ന പ്രതിയെ ജയിൽ അധികൃതർ കാട്ടാക്കട കോടതിയിലെത്തിച്ചിരുന്നു.
ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പട്ട് അപേക്ഷ നൽകിയിരുന്നെങ്കിലും ആറ് ദിവസമാണ് കോടതി കസ്റ്റഡി അനുവദിച്ചത്. പ്രതിയെ മാസ്‌ക് ധരിച്ചാണ് കോടതിക്ക് പുറത്തിറങ്ങിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച തെളിവെടുപ്പിന് ശേഷം രാത്രി 11ഓടെ ഇയാളെ റിമാൻഡ് ചെയ്‌തിരുന്നു. കഴിഞ്ഞ 30ന് വൈകിട്ട് 6.30ഓടെയാണ് അദ്ധ്യാപകനായ പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ എ.അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഐ.ബി.ഷീബയുടെയും ഇളയ മകൻ ആദിശേഖറിനെ പുളിങ്കോട് ശ്രീഭദ്രകാളി ക്ഷേത്രത്തിനടുത്തുവച്ച് പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്.
കളിയിക്കാവിള ഭാഗത്ത് നിന്ന് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രിയരഞ്ജനെ പിടികൂടിയത്. ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട്,കർണാടക പ്രദേശങ്ങളിൽ ഇയാളെ കൊണ്ടുപോയി പൊലീസ് തെളിവ് ശേഖരിക്കും. ഒളിവിൽ കഴിയുന്നതിന് പ്രതിയെ സഹായിച്ചവരെക്കുറിച്ചും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |