കോട്ടയം : കുറിച്ചി മന്ദിരം കവലയിൽ പ്രവർത്തിക്കുന്ന സുധാ ഫൈനാൻസിന്റെ ഷട്ടർ തകർത്ത് നാലുകിലോ സ്വർണവും എട്ടു ലക്ഷം രൂപയും കവർന്ന കേസിൽ പ്രതികളിലൊരാളെ എറണാകുളത്ത് നിന്ന് പിടികൂടി. പത്തനംതിട്ട കൂടൽ കലഞ്ഞൂർ അനീഷ് ഭവനത്തിൽ അനീഷ് ആന്റണിയാണ് (26) പിടിയിലായത്.
മുഖ്യപ്രതിയായ അനീഷിന്റെ സുഹൃത്തിനെ കൂടൽ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയെങ്കിലും അപകടം മണത്ത ഇയാൾ സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി കൊല്ലം ജില്ല കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. രണ്ട് ദിവസം ധനകാര്യ സ്ഥാപനത്തിനുള്ളിൽ താമസിച്ചായിരുന്നു കവർച്ച.
കുഴിമറ്റം പാറപ്പുറം ഭാഗത്ത് താമസിക്കുന്ന എ.ആർ. പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനത്തിൽ ആഗസ്റ്റ് അഞ്ച്, ആറ് തീയതികളിലായിരുന്നു മോഷണം. ഏഴിന് രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് പരമേശ്വരൻ നായർ മോഷണ വിവരം അറിഞ്ഞത്. ശനി, ഞായർ ദിവസങ്ങളായതിനാൽ സ്ഥാപനം അവധിയായിരുന്നു. ഇത് മനസിലാക്കിയ പ്രതികൾ നാലിന് രാത്രിയോടെ ഷട്ടർ തകർത്ത് സ്ഥാപനത്തിനുള്ളിൽ കയറി രണ്ട് ദിവസത്തിന് ശേഷം കവർച്ച നടത്തി രക്ഷപ്പെടുകയായിരുന്നു. സി.സി.ടിവിയുടെ ഹാർഡ് ഡിസ്ക് ഊരി മാറ്റിയ ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ലോക്കർ തുറന്നത്. രണ്ട് ദിവസത്തേയ്ക്കുള്ള ഭക്ഷണവും കരുതിയിരുന്നു. സി.സി.ടി.വിയില്ലാത്ത സ്ഥലത്ത് കൂടിയാണ് രക്ഷപ്പെട്ടത്. മോഷണം നടത്താൻ അഞ്ചോളം സ്ഥാപനങ്ങളാണ് ഇവർ നോക്കിവച്ചിരുന്നത്.
സോപ്പുപൊടിക്കവർ തുമ്പായി
എസ്.പിയുടെ നേതൃത്വത്തിൽ 20 അംഗ പ്രത്യേകസംഘത്തിനായിരുന്നു അന്വേഷണ ചുമതല. കോട്ടയം മുതൽ തിരുവല്ല വരെയുള്ള 1500 സി.സിടിവികൾ പൊലീസ് പരിശോധിച്ചു. മോഷണ ശേഷം തെളിവ് നശിപ്പിക്കാനായി വിതറിയ സോപ്പു പൊടി പൊതിഞ്ഞു കൊണ്ടുവന്ന പേപ്പറാണ് അന്വേഷണത്തിന് തുമ്പായത്. ആലുവയിലെ കമ്പനിയിൽ നിന്നുള്ള സോപ്പുപൊടിയാണിതെന്നും ഞാറയ്ക്കൽ എഡിഷനിലെ പത്രക്കടലാസാണെന്നും മനസിലായതോടെ ആ വഴിക്കായി അന്വേഷണം. സമാന കേസുകളിൽപ്പെട്ട സംസ്ഥാനത്തെ മുഴുവൻ പ്രതികളുടെയും പട്ടിക ശേഖരിച്ചു. അനീഷിന്റെ ആദ്യ മോഷണക്കേസാണെങ്കിലും മുഖ്യപ്രതിയ്ക്ക് സമാനമായ പതിനഞ്ച് കേസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |