SignIn
Kerala Kaumudi Online
Thursday, 28 September 2023 4.32 PM IST

പുകയടങ്ങാത്ത സോളാർ

k-b-ganeshkumar

സോളാർ കേസ് അണഞ്ഞു കഴിഞ്ഞെന്ന് കരുതിയവർക്ക് തെറ്റി. അതിപ്പോൾ ചാരത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ് വന്നെന്ന് മാത്രമല്ല, കേരളത്തിലെ രണ്ട് പ്രബല മുന്നണികൾക്കും ഒരുപോലെ ഭീഷണിയാവുകയും ചെയ്തു. സോളാർ കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ച സി.ബി.ഐയുടെ കണ്ടെത്തൽ. മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടിക്കെതിരെ പ്രധാനമായും വീശിയടിച്ച ആരോപണമായിരുന്നു സോളാർ ആരോപണവിവാദം. ഉമ്മൻ ചാണ്ടിക്കൊപ്പം അന്നത്തെ ഒരു ഡസൻ യു.ഡി.എഫ് നേതാക്കളെങ്കിലും ആരോപണവിധേയരായി. വിഷയം അമ്പേൽക്കാത്ത കുരുക്കളില്ലെന്ന മട്ടിലേക്ക് മാറുന്നുവെന്ന തോന്നൽ പോലും ഉയർന്നു. അഗ്നിശുദ്ധി വരുത്താമെന്ന് കരുതി ഉമ്മൻ ചാണ്ടി സർക്കാർ തന്നെ ഇക്കാര്യത്തിൽ ജുഡിഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. വിഷയത്തിൽ കൊണ്ടുപിടിച്ച രാഷ്ട്രീയാക്രമണമാണ് അന്ന് പ്രതിപക്ഷത്തായിരുന്ന ഇടതുമുന്നണി കൈക്കൊണ്ടത്. സെക്രട്ടേറിയറ്റ് നടയിൽ രാപ്പകൽ ഉപരോധസമരം വൻ കോളിളക്കമുണ്ടാക്കി. സെക്രട്ടേറിയറ്റിന് അവധി പോലും നൽകേണ്ടിവന്നു. എന്നാൽ പൊടുന്നനെ സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും സ്വിച്ചിട്ടതു പോലെ സമരം നിൽക്കുകയും ചെയ്തു. മുതിർന്ന സി.പി.ഐ നേതാവ്, അന്ന് ആ സമരം പെട്ടെന്ന് അവസാനിപ്പിച്ചതിലെന്തോ ദുരൂഹത സംശയിക്കുന്നതായി സ്വന്തം ആത്മകഥയിൽ പറഞ്ഞതും അതിന് പിന്നാലെ, കേസ് അന്വേഷിച്ച ജുഡിഷ്യൽ കമ്മിഷനായ ജസ്റ്റിസ് ശിവരാജനെതിരെ ആക്ഷേപമുന്നയിച്ചതും ഈയടുത്ത കാലത്താണ് വിവാദമായത്. അത് കെട്ടടങ്ങിയെങ്കിലും ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിന് ശേഷം, അദ്ദേഹത്തെ വേട്ടയാടാൻ സോളാർ കേസ് ഉപയോഗിച്ചെന്ന ആരോപണം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലടക്കം യു.ഡി.എഫ് സി.പി.എമ്മിനെതിരെ ഉയർത്തി.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ ഗംഭീര വിജയത്തിന് പിന്നാലെയാണ് സോളാർ കേസന്വേഷിച്ച സി.ബി.ഐ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുറത്തുവന്നത്. അത് മറ്റൊരു ഭൂകമ്പമായി. ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിനെത്തുടർന്ന് സോളാർ കേസ് പ്രതിയും പരാതിക്കാരിയുമായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഒന്നാം പിണറായി സർക്കാർ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതൊരു അനാവശ്യ തീരുമാനമായിരുന്നുവെന്നും വേട്ടയാടലായിരുന്നു ലക്ഷ്യമെന്നുമായിരുന്നു കോൺഗ്രസിന്റെ ആരോപണം. എന്നാൽ ലാവലിൻ കേസിൽ വിജിലൻസ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ശേഷവും സി.ബി.ഐ അന്വേഷണത്തിന് 2004-06ലെ ഉമ്മൻ ചാണ്ടി സർക്കാർ ഉത്തരവിട്ടതും അനാവശ്യമായിരുന്നില്ലേ എന്ന മറുചോദ്യമുയർത്തി സി.പി.എം പ്രതിരോധിച്ചു.

ഇപ്പോൾ ഈ തർക്ക-വിതർക്കങ്ങളെല്ലാം മാറിമറിഞ്ഞ് സി.ബി.ഐ റിപ്പോർട്ടിലെ ഉള്ളടക്കത്തെക്കുറിച്ചായി വിവാദം. ഉമ്മൻ ചാണ്ടിയെ കുരുക്കാൻ ഗൂഢാലോചന നടന്നതായി മൊഴിയുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തലിലെ പ്രധാന കാര്യം. കത്തിൽ പല പേരുകളും പരപ്രേരണയാൽ കൂട്ടിച്ചേർക്കപ്പെട്ടുവെന്നും കെ.ബി. ഗണേശ് കുമാർ എം.എൽ.എയ്ക്ക് ഇതിൽ മുഖ്യ പങ്കുണ്ടെന്നുമെല്ലാമുള്ള ആരോപണമുയർന്നു. ഗണേശ് ഇപ്പോൾ ഇടതുമുന്നണിയിലെ ഒരു കക്ഷിനേതാവാണ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന ഗണേശ് പിന്നീട് മുന്നണി മാറിയശേഷം നടത്തിയ പകപോക്കൽ രാഷ്ട്രീയം എന്ന നിലയിലേക്ക് ചർച്ച ഉയർന്നു. പരാതിക്കാരിയുമായി ഗണേശിനുണ്ടായ ബന്ധത്തെക്കുറിച്ചെല്ലാം മസാലപുരട്ടിയ കഥകൾ വന്നു.

ഗൂഢാലോചനയ്‌ക്ക് പിന്നിൽ പ്രവർത്തിച്ചെന്ന് സി.ബി.ഐ റിപ്പോർട്ടിൽ പരാമർശിക്കുന്ന പേരുകാരനായ ദല്ലാൾ നന്ദകുമാറും സോളാർ കേസിലെ പ്രതിയും ഇരയുമായ പരാതിക്കാരിയുടെ അഭിഭാഷകനുമെല്ലാം പിന്നാലെ വാർത്താസമ്മേളനം നടത്തി വിവാദത്തെ ആളിക്കത്തിച്ചു. ദല്ലാൾ നന്ദകുമാർ പറഞ്ഞത് ഉമ്മൻ ചാണ്ടിയെ കുരുക്കാൻ പ്രവർത്തിച്ചവരിൽ ഉമ്മൻ ചാണ്ടിമന്ത്രിസഭയിലെ രണ്ട് മുൻ ആഭ്യന്തരമന്ത്രിമാരുമുണ്ട് എന്നാണ്. ഈ ആരോപണം കോൺഗ്രസിനെയും യു.ഡി.എഫിനെയും തിരിഞ്ഞുകുത്തുന്ന നിലയായി. പിന്നാലെ ഗൂഢാലോചന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന കാര്യത്തിൽ യു.ഡി.എഫിനകത്തും കോൺഗ്രസിനകത്തും സർവത്ര ആശയക്കുഴപ്പം. ആകെ ഗുലുമാൽ. ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞാ ദിവസം തന്നെ സോളാർ വിഷയം നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയമായി കൊണ്ടുവന്നതും അത് ചർച്ചയ്ക്കെടുത്ത ഭരണപക്ഷനീക്കവും ആരോപണ- പ്രത്യാരോപണങ്ങളെ കനപ്പിച്ചു. ഇതും പക്ഷേ യു.ഡി.എഫിന് തിരിച്ചടിയായി എന്ന് വിലയിരുത്തുന്നവർ കോൺഗ്രസിനകത്ത് തന്നെയുണ്ടായി. എ ഗ്രൂപ്പുകാരിൽ അമർഷം. ഫലത്തിൽ ചാണ്ടി ഉമ്മന്റെ ഗംഭീരവിജയത്തിന്റെ തിളക്കത്തിന് തന്നെ മങ്ങലേൽക്കുന്ന നിലയിലേക്ക് സോളാർവിവാദം വഴിമാറുന്നതാണ് കണ്ടത്.

അന്വേഷണത്തെ ചൊല്ലി

സോളാർ കേസിൽ പിണറായി സർക്കാരിനെയും സി.പി.എമ്മിനെയും വെട്ടിലാക്കാൻ നോക്കി സ്വയം കുഴിയിൽ വീണ അവസ്ഥയിലായിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം എന്നാണിപ്പോൾ പൊതുവെയുള്ള അടക്കം പറച്ചിൽ. ഉമ്മൻ ചാണ്ടിയെ കുരുക്കാൻ ഗൂഢാലോചന നടത്തിയ ഇടത് നേതാക്കൾക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് യു.ഡി.എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവർത്തിക്കുമ്പോൾ, അന്വേഷണമല്ല, ഇനി നടപടിയാണ് വേണ്ടതെന്ന് പറഞ്ഞു യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ഗൂഢാലോചനയിൽ യു.ഡി.എഫിന്റെ രണ്ട് മുൻ ആഭ്യന്തരമന്ത്രിമാർക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തൽ നേതാക്കളായ രമേശ് ചെന്നിത്തലയ്ക്കും തിരുവഞ്ചൂർ രാധാകൃഷ്ണനും നേർക്കുള്ള നേരിട്ടുള്ള അമ്പെയ്ത്താണെന്ന് മിക്ക കോൺഗ്രസുകാരും തിരിച്ചറിയുന്നു. സി.പി.എം നേതാക്കൾ നല്ലതുപോലെ അത് തിരിച്ചറിയുന്നത് കൊണ്ടുതന്നെ അവർ അമർത്തിച്ചിരിക്കുന്നു. കോൺഗ്രസുകാർ ചക്കിന് വച്ചത് കൊക്കിന് കൊണ്ടല്ലോ എന്ന മട്ട്.

ഉമ്മൻ ചാണ്ടിയെ കുരുക്കാൻ ശ്രമിച്ചവർ ആരായാലും ആ ഗൂഢാലോചന പുറത്തുവരണമെന്നാണ് യു.ഡി.എഫ് അണികൾ ആവശ്യപ്പെടുന്നത്. എന്നാൽ സോളാർ കേസ് ഇനി കുത്തിപ്പൊക്കി വിവാദത്തിനൊന്നും പോകേണ്ടെന്നാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെയും പുതിയ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മന്റെയും നിലപാട്.

സർക്കാർ ഈ കേസിൽ കക്ഷിയല്ലാത്തതിനാൽ പുനരന്വേഷണം അടക്കമുള്ളവയ്ക്ക് നേരിട്ട് തീരുമാനമെടുക്കാൻ സർക്കാരിന് തടസ്സമുണ്ട്. എന്നാൽ പ്രതിപക്ഷനേതാവ് കത്ത് നൽകിയാൽ അത് മുൻനിറുത്തി സി.ബി.ഐയോട് ആവശ്യപ്പെടാൻ സർക്കാരിന് സാധിക്കും. പരാതിക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സി.ബി.ഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയർക്ക് മാനനഷ്ടത്തിന് കേസ് നൽകാം. എന്നാൽ ഉമ്മൻ ചാണ്ടി ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ രാഷ്ട്രീയമായി പരാതി നൽകേണ്ടത് കോൺഗ്രസിന്റെ ബാദ്ധ്യതയാണ്. അവിടെയാണ് സ്വന്തം നേതാക്കൾക്കെതിരെ ഉയർന്ന ആരോപണമുനകൾ വിലങ്ങുതടിയാവുന്നത്.

കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന അവസ്ഥയിൽ നിന്നും അതിവേഗം മാറിപ്പോയിക്കൊണ്ടിരിക്കുകയാണ് കോൺഗ്രസുകാരെ സംബന്ധിച്ചിടത്തോളം സോളാർ വിവാദം.

ഇടതിനും തലവേദന

സോളാറിലെ പുതിയ ആരോപണവിവാദം ഇടത് മുന്നണിയിലും തലവേദന സൃഷ്ടിക്കുന്നുണ്ട്. പ്രധാന കാരണം, ഇപ്പോഴത്തെ ഇടതുമുന്നണിയിലെ പ്രധാന കക്ഷികളിലൊന്നായ കേരള കോൺഗ്രസ്-എമ്മിന്റെ നേതാവ് ജോസ് കെ.മാണിയുടെ പേര് ഗണേശ് കുമാറിന്റെ നിർദ്ദേശപ്രകാരം കൂട്ടിച്ചേർത്തതാണ് എന്ന ആരോപണമാണ്. ഇത് ജോസ് കെ.മാണിയെ വേദനിപ്പിക്കുന്നുണ്ട്.

ഇനി മന്ത്രിസഭാ പുന:സംഘടനയിൽ ഗണേശിനെ മന്ത്രിയാക്കിയാൽ, തനിക്കെതിരെ ഗൂഢാലോചന നടത്തിയ ആൾ മന്ത്രിയാകുന്നത് സൃഷ്ടിക്കുന്ന മാനഹാനി ജോസും കേരള കോൺഗ്രസും സഹിക്കുമോ?

കണ്ടറിയണം കാര്യങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOLAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.