രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്കും ഏതാനും നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കും നീങ്ങുമ്പോൾ വാഗ്ദാനങ്ങളുടെ പെരുമഴയുമായി പ്രധാനകക്ഷികൾ ജനങ്ങളെ ആകർഷിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ്. ദേശീയതലത്തിൽ പ്രധാന പാർട്ടികൾ ഇതുവരെ വാഗ്ദാനങ്ങളൊന്നും നൽകാൻ മുന്നോട്ടുവന്നിട്ടില്ല. എന്നാൽ ഈ വർഷാവസനമോ നവവത്സരാരംഭത്തിലോ നിയമസഭാ തിരഞ്ഞെടുപ്പു നടക്കേണ്ട രാജസ്ഥാൻ, മദ്ധ്യപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഇതരകക്ഷികൾ ആകർഷകമായ പാക്കേജുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രധാനമായും സ്‌ത്രീവോട്ടർമാരെയാണ് അവർ ലക്ഷ്യമിടുന്നത്. ഏതാനും മാസം മുൻപ് കർണാടകയിൽ പയറ്റി വിജയം കണ്ട തന്ത്രം തെലങ്കാനയിലും രാജസ്ഥാനിലും പുറത്തെടുക്കാനാണ് കോൺഗ്രസ് ശ്രമം.
രാജസ്ഥാനിൽ ഭരണം നിലനിറുത്താൻ കൊണ്ടുപിടിച്ചു ശ്രമിക്കുന്ന കോൺഗ്രസ് കഴിഞ്ഞദിവസം തെലങ്കാനയിലെ വോട്ടർമാർക്കു മുന്നിൽ അരഡസനോളം വാഗ്ദാനങ്ങളാണ് നിവർത്തിയത്. കോൺഗ്രസിനെ അധികാരത്തിലേറ്റിയാൽ സ്‌ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുന്നതാണ് അതിൽ പ്രധാനം. കർഷകർക്ക് പ്രതിമാസം 15,000 രൂപ, കർഷകത്തൊഴിലാളികൾക്ക് 12,000 രൂപ, വീടുകൾക്ക് 200 യൂണിറ്റ് വൈദ്യുതി പ്രതിമാസ സൗജന്യം, വീടില്ലാത്തവർക്ക് ഭൂമിയും അഞ്ചുലക്ഷം രൂപയും, വയോധികർക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ്, 4000 രൂപ പ്രതിമാസ പെൻഷൻ, വിദ്യാർത്ഥികൾക്ക് അഞ്ചുലക്ഷത്തിന്റെ സ്കോളർഷിപ്പ്.... ഇങ്ങനെ പോകുന്നു കോൺഗ്രസിന്റെ സൗജന്യങ്ങൾ. ഇതുപോലുള്ള വാഗ്ദാനങ്ങളുടെ ബലത്തിലാണ് കർണാടകയിൽ കോൺഗ്രസ് അധികാരം പിടിച്ചത്. ആളുകളെ എളുപ്പം കൈയിലെടുക്കാനുള്ള വിദ്യ ഇത്തരം സൗജന്യ പ്രഖ്യാപനങ്ങളാണെന്ന് കോൺഗ്രസ് മാത്രമല്ല മറ്റു പ്രമുഖ കക്ഷികളും മനസ്സിലാക്കിക്കഴിഞ്ഞു. മാത്രമല്ല, പല സംസ്ഥാനങ്ങളും ഇതുപോലുള്ള സാമൂഹ്യസുരക്ഷാ പദ്ധതികൾ മുൻകൂർ പ്രഖ്യാപിച്ച് പരമാവധി വോട്ടുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ്.
വർഷങ്ങൾക്കു മുൻപ് ഡൽഹിയിൽ ആം ആദ്‌മി പാർട്ടി ആദ്യമായി അധികാരം പിടിച്ചത് ഇങ്ങനെ ചില സൗജന്യങ്ങളുടെ പേരിലാണ്. ഡൽഹി നിവാസികൾക്ക് വെള്ളവും വെളിച്ചവും സൗജന്യമാക്കിയതിനു പുറമെ സ്‌ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്രയും അതിന്റെ ഭാഗമായിരുന്നു. സർക്കാർ ഓഫീസുകളിൽ അഴിമതി ഇല്ലാതാക്കുമെന്ന വാഗ്ദാനം കൂടി കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ അഴിമതിക്കേസിൽ എ.എ.പി മന്ത്രിമാരിൽത്തന്നെ ചിലർ മന്ത്രിസഭയിൽ നിന്ന് പുറത്തുപോകുന്നതും ഡൽഹിക്കാർക്ക് കാണേണ്ടിവന്നു. ഏതായാലും നൽകാമെന്നേറ്റ സൗജന്യങ്ങളെല്ലാം കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി ഗവൺമെന്റ് നൽകുകതന്നെ ചെയ്തു. വീണ്ടും അധികാരത്തിലേറാനും ഇത്തരം ജനക്ഷേമ നടപടികളിലൂടെ അവർക്കു കഴിഞ്ഞു. പിന്നീട് പല സംസ്ഥാനങ്ങളും ഇതിന്റെ ചുവടുപിടിച്ചാണ് സാധാരണക്കാരെ എളുപ്പം ആകർഷിക്കുന്ന ക്ഷേമപരിപാടികൾ നടപ്പാക്കിയത്.
തമിഴ്‌നാട് സർക്കാർ ഈ മാസമാണ് സ്‌ത്രീകൾക്ക് മാസം 1000 രൂപ വീതം നൽകാനുള്ള പദ്ധതി നടപ്പാക്കിയത്. ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യയാത്ര നേരത്തേ നടപ്പാക്കിയിരുന്നു. കർണാടകയിലെ കോൺഗ്രസ് സർക്കാരും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളായ സൗജന്യയാത്രയും സൗജന്യ ഭക്ഷ്യധാന്യ വിതരണവും സ്‌ത്രീകൾക്കുള്ള പ്രതിമാസ സഹായവും തുടങ്ങിക്കഴിഞ്ഞു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പുകാലം പ്രതീക്ഷകളുടെ സമയം കൂടിയാണ്. വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള പാർട്ടികളുടെ കഴിവുകൂടി നോക്കിയാവും ആർക്ക് വോട്ടുകുത്തണമെന്ന് അവർ തീരുമാനിക്കുക. വെറുതെ കിട്ടുന്ന സൗജന്യങ്ങൾ എന്തിന് വേണ്ടെന്നു വയ്ക്കണമെന്നു ചിന്തിക്കുന്നവരാകും അധികം. വാഗ്ദാനങ്ങൾ നിറവേറ്റാനാവശ്യമായ സാമ്പത്തികം എങ്ങനെ സമാഹരിക്കുമെന്ന കാതലായ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട ബാദ്ധ്യത വോട്ടർമാർക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |