തിരുവല്ല: ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് ശക്തമായ നിയമങ്ങൾ ഉണ്ടെങ്കിലും നിയമം അനുശാസിക്കുന്ന പരിരക്ഷ സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്ന് കേരളാ വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി പറഞ്ഞു. തിരുവല്ലയിൽ നടത്തിയ ജില്ലാതല സിറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു അവർ. അദാലത്തിലെ പരാതികൾ പരിശോധിച്ചതിൽ നിന്നും കുടുംബാന്തരീക്ഷം സങ്കീർണമാകുന്ന സാഹചര്യമാണ് ജില്ലയിലുള്ളതെന്നാണ് മനസിലാകുന്നത്. മദ്യപാനം മൂലമുള്ള പ്രശ്‌നങ്ങളും പൊലീസ് താക്കീത് നൽകിയശേഷവും കുടുംബാംഗങ്ങളെ ഉപദ്രവിക്കുന്ന സാഹചര്യവുമുണ്ട്. പരാതിപ്പെട്ടതിന്റെ പേരിലും സ്ത്രീകൾ ആക്രമണത്തിനിരയാകുന്നു. ഇത്തരം കുടുംബപ്രശ്‌നങ്ങൾ ദോഷകരമായി ബാധിക്കുന്നത് കുട്ടികളെയാണ്. വീടുകളിലെ പ്രശ്‌നപരിഹാരത്തിനായി വാർഡുതല ജാഗ്രതാ സമിതികളുടെ പ്രവർത്തനം സജീവമാക്കണം. മദ്യപാനത്തിനെതിരെ വലിയ ബോധവൽക്കരണവും ഭാര്യ, ഭർത്താക്കൻമാർക്ക് ആവശ്യമായ കൗൺസിലിംഗും നൽകണം. ജില്ലയിൽ അടുത്തമാസം പബ്ലിക് ഹിയറിംഗ് നടത്തുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. അദാലത്തിൽ 46 പരാതികൾ പരിഗണിച്ചു. 14 കേസുകൾ തീർപ്പാക്കുകയും നാല് പരാതികളിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിനായി അയയ്ക്കുകയും ചെയ്തു. ബാക്കി 28കേസുകൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കാനായി മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |