തിരുവനന്തപുരം: ഭക്ഷണപ്രേമികൾക്ക് തത്സമയം രുചിയേറിയ മത്സ്യ വിഭവങ്ങൾ ഒരുക്കി നൽകുന്ന സംസ്ഥാന സർക്കാരിന്റെ കടൽ വിഭവ റസ്റ്റോറന്റ്. അതും മത്സവിഭവങ്ങൾക്ക് പേരുകേട്ട വിഴിഞ്ഞത്ത്. അത്തരമൊരു സംരംഭമാരംഭിച്ചാൽ അങ്ങോട്ടേയ്ക്ക് ഭക്ഷണപ്രേമികളുടെ കുത്തൊഴുക്കുണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ ആഴംകുളത്തുള്ള സംസ്ഥാനത്തെ ആദ്യ കടൽ വിഭവ റസ്റ്റോറന്റിന്റെ ഉദ്ഘാടനം യാതൊരു ഉറപ്പുമില്ലാതെ നീളുകയാണ്.
കഴിഞ്ഞ വർഷം പണി പൂർത്തിയാക്കി ഉദ്ഘാടനം ഉടൻ നടത്തുമെന്ന് പലതവണ അധികൃതർ പറഞ്ഞെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. റസ്റ്റോറന്റിന് പേര് കണ്ടെത്തിയിട്ടുമില്ല. നടത്തിപ്പ് ചുമതലയെ ചൊല്ലി വകുപ്പുകൾ തമ്മിൽ ധാരണയായില്ല.
ആദ്യം ഫിഷറീസ് വകുപ്പ് നേരിട്ട് നടത്തുമെന്ന് പറഞ്ഞു. പിന്നെ കെ.ടി.ഡി.സിക്ക് കൈമാറുമെന്നും പ്രഖ്യാപനമായി. ഒടുവിൽ മത്സ്യഫെഡിന് കൈമാറുമെന്നു പറയുന്നെങ്കിലും വ്യക്തതയായിട്ടില്ല.
അതേസമയം രണ്ടാഴ്ച മുൻപ് ഇതിന്റെ നടത്തിപ്പ് ചുമതല കൈമാറിയെന്ന് അധികൃതർ പറയുന്നുണ്ട്. മൂന്ന് മാസം മുൻപ് ഫിഷറീസ് ഡയറക്ടർ ഡോ.അദീല അബ്ദുള്ള ആഴാകുളത്തെ റസ്റ്റോറന്റ് സന്ദർശിച്ചിരുന്നു. ആഴാകുളം മോഡൽ റസ്റ്റോറന്റ് എറണാകുളത്തും കൊല്ലത്തും നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടും ആദ്യ പദ്ധതി പോലും പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞില്ലെന്നാണ് ആക്ഷേപം.
റസ്റ്റോറന്റിന്റെ പ്രത്യേകതകൾ
സഞ്ചാരികൾക്ക് തത്സമയം മത്സ്യവിഭവങ്ങൾ ലഭിക്കും
ഭക്ഷണം കഴിക്കുന്നതിനായി അകത്തും പുറത്തുമായി വിശാലമായ സജ്ജീകരണങ്ങൾ
റൂഫ് ടോപ്പിലും ഇരിപ്പിടങ്ങൾ ഒരുക്കുമെന്ന് അധികൃതർ
വിശാലമായ പാർക്കിംഗ് സൗകര്യം
കടൽ ചിത്രങ്ങൾ കണ്ട് ഭക്ഷണം രുചിക്കാൻ കെട്ടിടത്തിന് അകത്തും പുറത്തും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഓർമ്മിക്കുന്ന ചിത്രങ്ങൾ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |