കൊച്ചി: പൊതുസ്ഥലത്ത് നിരന്തരം മാലിന്യം വലിച്ചെറിയുന്നവർക്ക് തടവുശിക്ഷ നൽകാൻ നിയമ ഭേദഗതി സാദ്ധ്യമാണോയെന്ന് ഹൈക്കോടതി ആരാഞ്ഞു. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനുള്ള ചുമതല പൊലീസിനു നൽകാനാകുമോയെന്നും കോടതി ചോദിച്ചു. കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റിലെ തീപിടിത്തത്തെത്തുടർന്ന് സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്‌റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യങ്ങൾ ചോദിച്ചത്.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും ഈ നിയമസഭാ സമ്മേളനത്തിൽ പാസാക്കാനായില്ലെങ്കിൽ ഓർഡിനൻസ് കൊണ്ടുവരുന്നത് പരിഗണനയിലുണ്ടെന്നും ഇന്നലെ ഓൺലൈൻ മുഖേന ഹാജരായ റവന്യു വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ വിശദീകരിച്ചു. ഈ ഘട്ടത്തിലാണ് തടവു ശിക്ഷയടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ഡിവിഷൻ ബെഞ്ച് ആരാഞ്ഞത്.
വിനോദസഞ്ചാര മേഖലകളിൽ മാലിന്യം തള്ളുന്നതു തടയാനുള്ള ചുമതല പൊലീസിനു നൽകിയ ശ്രീലങ്കൻ മാതൃക കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഡി.ജി.പിയുടെ സർക്കുലർ ഉണ്ടെന്നും പൊലീസുമായി ചർച്ച നടത്തുമെന്നും പ്രിൻസിപ്പൽ സെക്രട്ടറി മറുപടി നൽകി. തുടർന്ന് ഹർജി ഒക്ടോബർ ആറിന് പരിഗണിക്കാൻ മാറ്റി.
æ ദേശീയപാത അതോറിറ്റിക്ക് മറുപടിയില്ല
നഗരമാലിന്യം റോഡ് നിർമ്മാണത്തിനുപയോഗിക്കുന്ന കാര്യത്തിൽ ദേശീയ പാത അതോറിറ്റി മറുപടി നൽകാത്തതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ അതാറിറ്റി റീജിയണൽ മാനേജർ ഒക്ടോബർ ആറിന് ഓൺലൈൻ മുഖേന ഹാജരാകണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
æ പ്ളാസ്റ്റിക് കുപ്പി ശേഖരിക്കാൻ ബൂത്ത് വേണം
പ്ളാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ ബൂത്തുകൾ സ്ഥാപിക്കണമെന്നും ഇതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ സ്ഥലം കണ്ടെത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എൻ.എസ്.എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവരെ ഉപയോഗിച്ച് മാലിന്യങ്ങൾ സംസ്കരിക്കുന്ന വിഷയത്തിൽ ബോധവത്കരണം നടത്തണം. ഓൺലൈൻ ഭക്ഷണ വിതരണം ചെയ്യുമ്പോൾ പാക്കറ്റുകൾ തയ്യാറാക്കാൻ പ്ളാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. മാലിന്യം തള്ളുന്ന പൊതുസ്ഥലങ്ങളെ പാർക്കുകളാക്കി മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. സംസ്ഥാനത്ത് 15 ശതമാനം തദ്ദേശ ഭരണ സ്ഥാപനങ്ങൾ മാത്രമാണ് മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുന്നതെന്നും സർക്കാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |