ന്യൂഡൽഹി: ആദ്യമായി എം.പിയായപ്പോൾ പാർലമെന്റ് പടികളിൽ പ്രണാമമർപ്പിച്ചത് അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റെയിൽവേ സ്റ്റേഷനിൽ ഉപജീവനം കഴിച്ചിരുന്ന പാവപ്പെട്ട കുട്ടി പാർലമെന്റിലെത്തിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന ദിനത്തിൽ 75 വർഷത്തെ നിയമനിർമ്മാണ ചരിത്രവുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാർലമെന്റിന്റെ കവാടത്തിൽ ആലേഖനം ചെയ്‌ത ഉപനിഷദ് വാക്യം ജനങ്ങൾക്ക് വേണ്ടി വാതിലുകൾ തുറക്കാനും അവകാശങ്ങൾ ലഭ്യമാക്കാനുമാണ് പറയുന്നത്. വനിതാ പാർലമെന്റേറിയന്മാരുടെ സംഭാവനകളെയും, 43 വർഷം സേവനമനുഷ്ഠിച്ച ഇന്ദ്രജിത്ത് ഗുപ്ത, 93-ാം വയസിൽ എം.പിയായ ഷഫീഖുർ റഹ്മാൻ, 25-ാം വയസ്സിൽ സഭയിലെത്തിയ ചന്ദ്രാനി മുർമു തുടങ്ങിയവരെയും അദ്ദേഹം പരാമർശിച്ചു. ജവഹർലാൽ നെഹ്‌റു, ലാൽബഹാദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി തുടങ്ങിയവരുടെ ആകസ്‌മിക മരണങ്ങൾ നൽകിയ വേദനകളും , 370-ാം വകുപ്പ് റദ്ദാക്കൽ, ജി.എസ്.ടി ബിൽ, ഒറ്റ റാങ്ക് ഒറ്റ പെൻഷൻ, 10 ശതമാനം സാമ്പത്തിക സംവരണം തുടങ്ങിയ ബില്ലുകൾ പാസാക്കിയതും പരാമർശിച്ചു.
നെഹ്‌റുവിന്റെ 'സ്‌ട്രോക്ക് ഓഫ് മിഡ്‌നൈറ്റ്' എന്ന പ്രസംഗം ഏവരെയും പ്രചോദിപ്പിക്കും. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 'സർക്കാരുകൾ വരും പോകും. പാർട്ടികൾ ഉണ്ടാകുകയും ഇല്ലാതാകുയും ചെയ്യും. രാജ്യവും, ജനാധിപത്യവും നിലനിൽക്കണം ' എന്ന വാക്കുകളും, ചന്ദ്രയാൻ 3, ജി 20 ഉച്ചകോടി എന്നിവയുടെ വിജയവും മോദി പരാമർശിച്ചു. പ്രധാനമന്ത്രി സഭയിലെത്തിയപ്പോഴും സമ്മേളനം തുടങ്ങുമ്പോഴും ദേശീയ ഗാനം മുഴക്കിയതിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. സാങ്കേതിക തകരാറാണെന്നും അന്വേഷിക്കുമെന്നും സ്‌പീക്കർ ഓം ബിർള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |