ചാലക്കുടി: കൊരട്ടി പഞ്ചായത്തിലെ പാറക്കൂട്ടത്തിൽ സ്ഥാപിച്ച കുടിവെള്ള പ്ലാന്റും മുരിങ്ങൂരിലെ പമ്പ് ഹൗസും ട്രയൽ റൺ നടത്തി. ടി.ജെ സനീഷ്‌കുമാർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് പി.സി ബിജു എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. ജൽ ജീവൻ മിഷൻ പദ്ധതിയിൽ ആദ്യമായി നിർമ്മാണം പൂർത്തീകരിച്ചതാണ് പ്ലാന്റ്. കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകളിലെ പതിനൊന്നായിരത്തോളം വീടുകളിൽ പുതിയ
പ്ലാന്റിൽ നിന്ന് ജലവിതരണം നടത്താനാകും.
11 കോടി ചെലവിൽ നിർമ്മിച്ചിരിക്കുന്ന യൂണിറ്റിൽ പ്രതിദിനം ആറ് ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാം. പുതുതായി നിർമ്മിച്ച ഒൻപത് ദശലക്ഷം ശേഷിയുള്ള ഒ.എച്ച് ടാങ്കിനോടൊപ്പം നിലവിലെ 6.65 ദശലക്ഷത്തിന്റെ ടാങ്കും പദ്ധതിയിൽ ഉൾപ്പെടും. ചാലക്കുടിപ്പുഴയിൽ നിന്ന് മുരിങ്ങൂരിൽ സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസിൽ നിന്ന് 3.5 കി.മീ ദൂരെ പാറക്കൂട്ടം പ്ലാന്റിൽ ജലമെത്തിച്ച് ഏഴ് ഘട്ടങ്ങളിലൂടെ ശുദ്ധീകരണ പ്രക്രിയ നടത്തും. നിലവിൽ മേലൂർ ദേവരാജഗിരിയിലുള്ള പ്ലാന്റിൽ നിന്നാണ് കൊരട്ടി, മേലൂർ പഞ്ചായത്തിൽ ജലവിതരണം നടത്തുന്നത്. പുതിയ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ പഴയ പ്ലാന്റിൽ നിന്ന് മേലൂരിൽ മാത്രമായി സ്വതന്ത്ര ജലവിതരണം സാദ്ധ്യമാകുമെന്നതിനാൽ മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങൾക്കാണ് പുതിയ പ്ലാന്റിന്റെ ഗുണം ലഭിക്കുക. പദ്ധതി പ്രാവർത്തികമാകുന്നതോടെ ഇരു പഞ്ചായത്തിലും എല്ലാ ദിവസങ്ങളിലും ജലവിതരണം നടത്താനാകും. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു, സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.കെ.ആർ.സുമേഷ്, ഫിൻസോ തങ്കച്ചൻ, കിഫ്ബി നാട്ടിക പ്രോജക്ട് എക്‌സിക്യുട്ടീവ് എൻജിനിയർ ബോബിൻ മത്തായി, അസി.എക്‌സി.എൻജിനീയർ എച്ച്.ജെ.നീലിമ, അസി. എൻജിനീയർ വി.കെ അനൂപ്, ലെയ്‌സൺ ഓഫീസർ തദ്ദേവൂസ് ഷൈൻ തുടങ്ങിയവരും സ്ഥലത്തെത്തി.
മൂന്ന് പഞ്ചായത്തുകൾക്ക്
11 കോടി
6 ദശലക്ഷം ലിറ്റർ വെള്ളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |